വിഷുവിന് തിയേറ്ററുകൾ തുറക്കാനാകുമെന്നപ്രതീക്ഷയിലാണ് സിനിമാലോകം....
ഇരുന്നൂറ്റി എഴുപത്തിയഞ്ച് ദിവസങ്ങളിലേറെയായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വിഷുവിന് തുറന്ന് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.വിഷുവിനുമുൻപ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ച് ചെറിയ ചിത്രങ്ങൾ തുടക്കത്തിൽ റിലീസ് ചെയ്ത് പ്രേക്ഷകരെ പതിയെ തിയേറ്ററിലേക്ക് മടക്കി കൊണ്ടുവരാനാകുമെന്നായിരുന്നു സിനിമാപ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ മുംബയും തമിഴ്നാടുമടക്കം പരീക്ഷിച്ച ആ രീതി അമ്പേ പരാജയമായതോടെ തിയേറ്ററുകൾ തുറക്കുന്നത് മാസ് ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് മതിയെന്ന തീരുമാനത്തിലാണ് തിയേറ്ററുടമകളുടേതടക്കമുള്ള സിനിമാരംഗത്തെ വിവിധ സംഘടനകളെന്നറിയുന്നു.
ജനുവരിയിൽ റിലീസ് നിശ്ചയിച്ചിരുന്ന മോഹൻലാലിന്റെ ദൃശ്യം 2, മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റ്, സുരേഷ് ഗോപിയുടെ കാവൽ, ഫഹദ് ഫാസിലിന്റെ മാലിക്ക്, നയൻതാരയും ചാക്കോച്ചനും ഒന്നിക്കുന്ന നിഴൽ എന്നീ ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിൽ വിഷു റിലീസായി ചാർട്ട് ചെയ്തിരിക്കുകയാണ്.ജനുവരിയിൽ തിയേറ്ററുകൾ തുറക്കാനായിരുന്നു മുൻ തീരുമാനമെങ്കിലും മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന നിലപാട് തിയേറ്ററുടമകൾ അറിയിക്കുകയായിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന തീരുമാനമായിരുന്നു സർക്കാരിനും.തിയേറ്ററുകൾ തുറക്കുന്നതിന് മുൻപ് വിനോദ നികുതിയിളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യവും തിയേറ്ററുടമകളുടെ സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.വിഷുവിനും റംസാനും ഒാണത്തിനും പിന്നാലെ ക്രിസ്മസ് സീസൺകൂടി നഷ്ടമാകുന്നതോടെ സിനിമാമേഖലയ്ക്ക് കുറഞ്ഞത് നൂറ്റിയമ്പത് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സൂപ്പർ താരങ്ങളുടേതുൾപ്പെടെ കുറഞ്ഞത് നാലഞ്ച് ചിത്രങ്ങളെങ്കിലും ക്രിസ്മസിന് റിലീസ് ചെയ്യേണ്ടതായിരുന്നു.
ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ മിനിട്ടുകൾക്കകം ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിൽ വരുന്നതും സിനിമയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൻ വിലനൽകി ഡിജിറ്റൽ അവകാശം വാങ്ങിയ പല സിനിമകളും നഷ്ടക്കച്ചവടമായതോടെ പുതിയ സിനിമകൾക്ക് വൻവില നൽകാൻ ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ മടിക്കുന്നതും സിനിമയ്ക്ക് തിരിച്ചടിയായി.കേരളത്തിന്റെ പല ഭാഗങ്ങളിലായി ഇരുപത്തിയഞ്ചിൽപ്പരം സിനിമകളുടെ ഷൂട്ടിംഗ് നടക്കുകയാണിപ്പോൾ. തിയേറ്റർ തുറക്കാൻ വൈകിയാലും ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ വിൽക്കാമെന്ന് സ്വപ്നം കണ്ടാണ് പല നിർമ്മാതാക്കളും പുതിയ സിനിമകളുമായി മുന്നോട്ടുപോകുന്നത്. എന്നാൽ ചിത്രീകരണം തുടരുന്ന സിനിമകളിൽ ഒന്നോ രണ്ടോ സിനിമകൾക്കൊഴികെ 'ഡിജിറ്റൽ ഭീമന്മാർ" ഇതുവരെ കൈകൊടുത്തില്ല.
ദുൽഖർ സൽമാൻ നിർമ്മിച്ച് നായകനാകുന്ന കുറുപ്പ് ഒ.ടി.ടി റിലീസായെത്തുമെന്ന് വാർത്തകൾ ഉണ്ടെങ്കിലും ചർച്ചകൾ നടന്നുവരുന്നതേയുള്ളു..നാല്പതുകോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.കഴിഞ്ഞ വിഷുവിന് മുൻപ് റിലീസ് ചെയ്യേണ്ടിയിരുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചില്ല.ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ റിലീസ് ചെയ്യേണ്ടതിനാൽ ലോകം കൊവിഡ് മുക്തമായ ശേഷമേ മരയ്ക്കാറിന്റെ റിലീസ് തീയതി നിശ്ചയിക്കൂ.മമ്മൂട്ടിയുടെ വണ്ണിന് ഇനി രണ്ട് ദിവസത്തെ ചിത്രീകരണം കൂടി അവശേഷിക്കുന്നുണ്ട്. ദിലീപ് ചിത്രം കേശു ഇൗ വീടിന്റെ നാഥന്റെ രണ്ട് ഗാനങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ചിത്രീകരണം പാലക്കാട് തുടങ്ങി.ഓണം റിലീസാണ് ആലോചിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപ് ചിത്രീകരണവും ചിത്രീകരണാനന്തര ജോലികളും പൂർത്തിയാക്കിയ അറുപതിൽപ്പരം ചിത്രങ്ങൾക്ക് തിയേറ്റർ തുറക്കുമ്പോൾ റിലീസിന് മുൻഗണന നൽകേണ്ടതായും വരും.