amit-shah-


ന്യൂഡല്‍ഹി: ഹൈദരാബാദിലെ വോട്ടര്‍ പട്ടികയില്‍ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദീന്‍ ഒവൈസി. മുപ്പതിനായിരത്തില്‍ അധികം അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയിലുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തില്‍ ആയിരം പേരുകള്‍ തിരിച്ചറിയാന്‍ സാധിക്കുമോ? അമിത് ഷാ ഡല്‍ഹിയില്‍ ഉറങ്ങുകയാണോ? എന്തുകൊണ്ടാണ് അത്തരം പേരുകള്‍ നീക്കം ചെയ്യാത്തത്. ആരാണ് അദ്ദേഹത്തെ തടയുന്നത്? ഒവൈസി ട്വീറ്റ് ചെയ്തു.

ബംഗ്ലാദേശികളേയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതി തരാന്‍ ധൈര്യം ഉണ്ടോ? അമിത് ഷാ പറഞ്ഞ വിധത്തില്‍ ആയിരം പേരുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്നും ഒവൈസി ചോദിച്ചു. തന്റെ ജോലിചെയ്യാന്‍ ആദ്യമായി ഒരു എം പിയുടെ സഹായം ചോദിക്കുന്ന മന്ത്രിയാണ് അമിത് ഷാ. ഇത്തരം സാങ്കല്‍പ്പിക കുടിയേറ്റക്കാരെ അമിത് ഷായുടെ പാര്‍ട്ടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കടന്നുകയറ്റക്കാര്‍ എന്നുള്ളത് അമിത് ഷായുടെ ബാലിശമായ സങ്കല്‍പ്പത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികളുടെയും രോഹിങ്ക്യകളുടെയും കാര്യം പാര്‍ലമെന്റില്‍ പറയുമ്പോള്‍ അവരുടെ പക്ഷം പിടിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. എന്നായിരുന്നു ഒവൈസിയെ ഉന്നംവെച്ച് അമിത് ഷാ നടത്തിയ പ്രസ്താവന.

എപ്പോഴെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അവര്‍ ഉച്ചത്തില്‍ കരയും. ബംഹ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരാന്‍ തയ്യാറാണോയെന്ന് ചോദിക്കൂ. താന്‍ അത് ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.