ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബാബർ അസം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും ആരോപിച്ച് യുവതി രംഗത്ത്. ശനിയാഴ്ച യുവതി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മദ്ധ്യമ പ്രവർത്തകൻ സാജ് സിദ്ധിഖ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത് പാകിസ്ഥാനിൽ വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്.
സ്കൂളിൽ ബാബറിന്റെ സഹപാഠിയായിരുന്നുവെന്നും 2010-ൽ ബാബർ തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിരുന്നതായും യുവതി ആരോപിച്ചു. ബാബർ അന്ന് ക്രിക്കറ്റിൽസജീവമാകുന്നതേയുണ്ടായിരുന്നുള്ളൂ. വിവാഹ വാഗ്ദാനം നൽകിയ അസം പിന്നീട് പിന്മാറിയതായും 10 വർഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. ഇരുവരുടേയും വീട്ടുകാർക്ക് എല്ലാമറിയാമെന്നും യുവതി പറഞ്ഞു. തന്റെ കൈയിൽ നിന്ന് ബാബർ നിരവധി തവണ പണം വാങ്ങിയിട്ടുണ്ടെന്നും യുവതി പറയന്നു.
വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത് ചോദ്യം ചെയ്തപ്പോൾ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പറഞ്ഞു. ന്യൂസിലൻഡ് പര്യടനത്തിന് മുൻപായി അവിടെ ക്വാറന്റൈനിലായിരിക്കുന്ന അസം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവിൽ എല്ലാ ഫോർമാറ്റിലും ബാബർ അസമാണ് പാകിസ്ഥാന്റെ നായകൻ.