ഒരു നടനായി മാത്രം മാറി നിൽക്കാൻ എനിക്ക് കഴിയില്ല. എല്ലാവർക്കുമുള്ളതുപോലെ എനിക്കും ചില സാമൂഹിക
ഉത്തരവാദിത്വങ്ങളുണ്ട് - സുര െെറ പോട്ര് എന്ന ചിത്രത്തിലൂടെ വീണ്ടും വിജയനായകനായ സൂര്യ ഫ്ളാഷ് മൂവിസിന് അനുവദിച്ച പ്രത്യേക അഭിമുഖം
18 വയസ് തികയുന്ന സമയത്ത് നമ്മളെല്ലാവരും ഒരു പ്രത്യേകതരം മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുക. ഭാവിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന സമയമാണ് അത്. എന്നെ ആരെങ്കിലും അംഗീകരിക്കുമോ, സമൂഹം എങ്ങനെയാകും എന്നെ മനസിലാക്കുക എന്നിങ്ങനെയുള്ള ചോദ്യം മനസിലേക്ക് കടന്നുവരും. അച്ഛൻ ശിവകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് വരാൻ അന്ന് എനിക്ക് താത്പര്യമില്ലായിരുന്നു. അപ്പോഴാണ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചത്. ദിവസവും പതിനെട്ടു മണിക്കൂർ ജോലി ചെയ്യേണ്ടിയിരുന്നു. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയും. മാസം തോറും ശമ്പളമായി കിട്ടുന്ന ആ വെളുത്ത കവറിന്റെ കനം ഇന്നുമെനിക്ക് ഒാർമ്മയുണ്ട്. സൂര െെറ പോട്ര് എന്ന ചിത്രത്തിലൂടെ എന്റെ ആ പഴയ ദിവസങ്ങളിൽ ഞാൻ ജീവിക്കുകയായിരുന്നു.
നവംബർ 12ന് ആമസോൺ പ്രൈമിൽ റിലീസായി എല്ലാ വിഭാഗം പ്രേക്ഷകരും ഏറ്റെടുത്ത് ഒരു വൻ വിജയചിത്രമായി മാറിയിരിക്കുന്നു. സൂര്യയുടെ സൂര െെറ പോട്ര് ഇൗ ചിത്രത്തിൽ അഭിനയിച്ച അനുഭവങ്ങളെയും കുറിച്ച് സംസാരിച്ചപ്പോൾ ആമുഖമായി പറഞ്ഞതാണ് ഇത്.
സൂര്യ തുടർന്ന് സംസാരിക്കുമ്പോൾ 'എനിക്ക് ഒരു പുത്തൻ ഉണർവ് തന്ന ചിത്രമാണ് സൂര െെറ പോട്ര് ആകാശം സ്വപ്നം കണ്ട ക്യാപ്ടൻ ഗോപിനാഥിന്റെ ആത്മകഥയെ ആസ്പദമാക്കി എടുത്ത ഒരു ചിത്രമാണ് സൂര െെറ പോട്ര് . ഇറുതിച്ചുറ്റ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം സുധാകൊങ്ങര സംവിധാനം ചെയ്ത ഇൗ ചിത്രത്തിൽ അഭിനയിച്ചത് വേറെ ഒരു അനുഭവമായിരുന്നു.
സേതു എന്ന ചിത്രം കണ്ടപ്പോൾ അത് സംവിധാനം ചെയ്ത ബാലയുടെ സംവിധാനത്തിൽ ഒരു ചിത്രത്തിലേക്ക് അഭിനയിക്കണമെന്ന് ആഗ്രഹം തോന്നി. അതുപോലെതന്നെ ഇറുതിച്ചുറ്റ് എന്ന ചിത്രം കണ്ടപ്പോൾ സുധാ കൊങ്ങരയുടെ സംവിധാനത്തിലും അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. എനിക്ക് രാഖി കെട്ടുന്ന സഹോദരിയാണ് സുധ. കുറെക്കാലങ്ങളായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അവരുടെ സംവിധാനത്തിൽ സൂര െെറ പോട്രിൽ ഞാൻ വ്യത്യസ്ഥനായി കാണപ്പെട്ടു. സിനിമ മുഴുവനും ചിരിക്കാതെ സീരിയസായി മാത്രം അഭിനയിക്കേണ്ടിവന്നത് ഒരു ചലഞ്ചായിരുന്നു. നിറയെ പുതിയ വിഷയങ്ങൾ സുധയിൽനിന്നും പഠിക്കാൻ സാധിച്ചു.
അടുത്തകാലമായി സിനിമയ്ക്കുപുറമെ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. ഇത് ഭരണാധികാരികളുടെ വിമർശനങ്ങൾക്കും ന്യായാധിപൻമാരുടെ പ്രതിഷേധങ്ങൾക്കും ഇടയാക്കുകയുണ്ടായി. അതിനെക്കുറിച്ച്?
എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഒരു നടനായി മാത്രം ഇരിക്കാൻ കഴിയില്ല. എല്ലാവർക്കും ഉള്ള സാമൂഹിക ഉത്തരവാദിത്വം പോലെ എനിക്കും ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. സമീപകാലത്ത് നടന്ന നീറ്റ് എക്സാമിന്റെ പേടികാരണം മൂന്നു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം എന്നെ വല്ലാതെ ഉലച്ചു. കൊവിഡ് മഹാമാരി കാലത്തിൽകൂടി വിദ്യാർത്ഥികളെ പരീക്ഷ എഴുതി തങ്ങളുടെ കഴിവിനെ തെളിയിക്കണമെന്ന് നിർബന്ധിച്ചത് എനിക്ക് വളരെയധികം മനോവിഷമം ഉണ്ടാക്കിയിരുന്നു. ഇൗ വിഷയത്തിൽ ഞാൻ പ്രതികരിച്ചു. എന്റെ ഇൗ പ്രതികരണത്തിന് തമിഴ്നാട്ടിൽ നിന്നുമാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പിന്തുണ നൽകാൻ ആളുകളുണ്ടായി. എല്ലാവർക്കും സമമായ വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തേണ്ട ഗവൺമെന്റ് തന്നെ ഏറ്റക്കുറച്ചിലുകൾ ഉള്ള എഡ്യൂക്കേഷൻ സിസ്റ്റത്തെ നിയമമാക്കി നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും എന്നെനിക്ക് തോന്നി. നമ്മുടെ കുട്ടികളുടെ കഴിവുകളെയും അർഹതയെയും വെറും പരീക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുവാൻ പാടുള്ളതല്ല. കുട്ടികളെ അവരുടെ ജയപരാജയങ്ങളെ മാനസികമായി നേരിടാനും തയ്യാറാക്കണം. അപ്പോൾ മാത്രമേ ഒാരോ വിദ്യാർത്ഥികൾക്കും അവരുടെ പരീക്ഷകളെ ധൈര്യമായി നേരിടാൻ സാധിക്കുകയുള്ളൂ. ഇതുപോലെയുള്ള അഭിപ്രായങ്ങളെയാണ് ഞാൻ മുന്നോട്ടുവച്ചത്. ഇൗ അഭിപ്രായങ്ങളെ മുൻനിറുത്തി സംസാരിക്കാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരനായ എനിക്കുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുമാത്രമല്ല പഠനത്തിനുവേണ്ടി നിറയെ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുടുംബവുമാണ് എന്റേത്! എന്ന് സൂര്യ പറഞ്ഞ് നിറുത്തി.
എന്നെന്നും കലാകുടുംബം
സൂര്യയുടെ കുടുംബം ഒരു കലാകുടുംബമാണ്. സൂര്യയുടെ പിതാവ് ശിവകുമാർ ഒരുകാലത്ത് തമിഴ്സിനിമയിൽ നിറഞ്ഞുനിന്ന നായകനടനായിരുന്നു. ഏകദേശം ഇരുന്നൂറിലധികം ചിത്രങ്ങളിലും ചില ടിവി സീരിയലുകളിലും അഭിനയിച്ച ശിവകുമാർ ഒരു മികച്ച ചിത്രകാരൻ കൂടിയാണ്. സൂര്യയുടെ അനുജൻ കാർത്തിയും ഇപ്പോൾ തമിഴ്സിനിമയിലെ മുൻനിര നായകരിൽ ഒരാളാണ്. സൂര്യ, കാർത്തി ഇവർക്ക് ഒരു സഹോദരിയുണ്ട് ബൃന്ദ. തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഒരു പിന്നണി ഗായികയാണ്. സൂര്യയുടെ ഭാര്യ ജ്യോതിക തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാണ്. എല്ലാവരും ബഹുമാനിക്കും വിധം ഒരു കൂട്ടുകുടുംബമായി ജീവിച്ചുവരുന്ന ഇൗ കുടുംബത്തെ നന്നായി നയിച്ചുവരുന്നത് സൂര്യയുടെ അച്ഛൻ ശിവകുമാറാണ്. ഇൗ കുടുംബം ഇന്ന് ഇൗ വിധത്തിൽ പ്രശസ്തമായി ജനങ്ങളുടെ പ്രീതിക്ക് പാത്രമാവാൻ കാരണം സിനിമ മാത്രമല്ല, ഇവർക്കെല്ലാം സമൂഹത്തിനോടും പൊതുജനങ്ങളോടുമുള്ള താത്പര്യവും അവരുടെ നന്മയ്ക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുമാണ്. എൻറും മാർക്കണ്ടേയൻ എന്ന് വിളിക്കുന്ന നടൻ ശിവകുമാർ അദ്ദേഹത്തിന്റെ 100-ാമത്തെ സിനിമ റിലീസായ സമയത്ത് ആരംഭിച്ചതാണ് 'ശിവകുമാർ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്". ഇൗ ട്രസ്റ്റിലൂടെ ഒാരോവർഷവും തമിഴ്നാട്ടിൽ പ്ളസ് ടു പരീക്ഷയിൽ അധികം മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് കാഷ് അവാർഡ് നൽകാറുണ്ട്. 30 വർഷമായി 'ശിവകുമാർ എഡ്യൂക്കേഷണൽ ട്രസ്റ്റ്" എന്ന പേരിൽ സഹായങ്ങൾ ചെയ്തുവരുന്ന ഇൗ ട്രസ്റ്റിനെ 'Agaram Foundations' എന്ന് പേരുമാറ്റി സൂര്യ അതിന്റെ ചുമതല ഏറ്റെടുത്തു. ഇതിനെ തുടർന്ന് കഴിഞ്ഞ 10 വർഷത്തോളമായി പാവപ്പെട്ട , പഠിക്കാനുള്ള സാമ്പത്തിക ശേഷിയും സൗകര്യങ്ങളുമില്ലാത്ത 3000 ലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സൂര്യ Agaram Foundations മൂലം സഹായം നൽകിയിട്ടുണ്ട്. സൂര്യയെപോലെതന്നെ കാർത്തിയും Uzhavan foundation എന്ന ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേന കൃഷിക്കും കർഷകർക്കും സഹായങ്ങൾ ചെയ്തുവരുന്നുണ്ട്.
തമിഴ്നാട്ടിലുള്ളവരെ സഹായിക്കുന്നത് മാത്രമല്ല അന്യസംസ്ഥാനങ്ങളിലുള്ളവരെയും പല ദുരന്ത വേളകളിലും സഹായിക്കാൻ മറക്കാറില്ല. സൂര്യയും സൂര്യയുടെ കുടുംബവും അതിന് ഉദാഹരണമാണ്. 2018 ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതുകൂടാതെ മലയാള സിനിമാ നടീനടൻമാരുടെ സംഘടനയായ അമ്മയ്ക്ക് വേണ്ടി കേരളത്തിൽ നടന്ന ഒരവാർഡുദാന ചടങ്ങിൽ സൂര്യ 10 ലക്ഷം രൂപ നൽകുകയുണ്ടായി.സൂര്യയും കാർത്തിയും നടത്തിവരുന്ന ഇൗ ട്രസ്റ്റുകളെക്കുറിച്ച് അവരുടെ അച്ഛനായ ശിവകുമാർ ഇങ്ങനെ സംസാരിക്കുക ഉണ്ടായി:'എന്റെ ചെറിയ വയസിൽ പഠിപ്പിക്കാൻ സഹായത്തിന് ആരുമുണ്ടായിരുന്നില്ല. പഠനച്ചെലവിനുള്ള പണമില്ലാത്തതിനാൽ പഠിപ്പ് തുടരാനും കഴിഞ്ഞില്ല. അതിനാൽ പല പ്രയാസങ്ങളെ നേരിട്ട് ചെന്നൈയിൽ വന്ന് നടനായ ആളാണ് ഞാൻ. എന്റെ ഇൗ അനുഭവങ്ങളാണ് പഠിപ്പിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയതും അതിനെ തുടർന്ന് 'ശിവകുമാർ ഫൗണ്ടേഷൻ ട്രസ്റ്റ്" തുടങ്ങാൻ കാരണമായതും. ഇപ്പോൾ ആ ട്രസ്റ്റിനെ സൂര്യ നന്നായി നടത്തി വരുന്നുണ്ട്. അതേപോലെതന്നെ കാർത്തി ഉഴവൻ ഫൗണ്ടേഷനുമാണ് എന്നും നിലനിൽക്കുന്ന അടയാളങ്ങൾ.സൂര്യ സിനിമ നിർമ്മാതാവ് കൂടിയാണ്.
കൊവിഡ് 19 കാരണമായി ഉണ്ടായ ലോക് ഡൗൺ കാലഘട്ടത്തിൽ തിയേറ്ററുകൾ എല്ലാം അടഞ്ഞുകിടന്ന സമയം സൂര്യയുടെ നിർമ്മാണത്തിൽ ജ്യോതിക അഭിനയിച്ച 'പൊൻമകൾ വന്താൽ" എന്ന ചിത്രത്തെ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് കോളിവുഡിലുള്ള ഒരുവിഭാഗം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സും തിയറ്റർ ഉടമകളും ഉൾപ്പെടെ പലരുടെയും വിമർശനങ്ങൾക്കും എതിർപ്പുകൾക്കും സൂര്യ നേരിട്ടു. എന്നാൽ തന്റെ തീരുമാനത്തിൽനിന്നും പിൻമാറാതെ പൊൻമകൾ വന്താൽ ഒ.ടി.ടിയിൽ റിലീസ് ചെയ്യുകതന്നെ ചെയ്തു. സൂര്യയുടെ ഇൗ ഉറച്ച തീരുമാനവും ധൈര്യവും മറ്റു പ്രൊഡ്യൂസേഴ്സിന് പ്രോത്സാഹനമായി. ഇതിനെ തുടർന്നാണ് പുതിയ ചിത്രമായ സൂരരൈ പോട്ര് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.
സൂര െെറ പോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യ ഗൗതം വാസുദേവമേനോന്റെ നവരസ എന്ന ഒരു ആന്തോളജി ചിത്രത്തിൽ അഭിനയിക്കാൻ ഇരിക്കുകയാണ്. ഇത് ഒ.ടി.ടി. റിലീസ് ആയിരിക്കും. പാണ്ഡിരാജിന്റെ പേരിടാത്ത പുതിയ ചിത്രത്തിലും നായകനാണ്. ഇൗ ചിത്രങ്ങൾക്കുശേഷം സൂര്യ, ജ്യോതിക ആരാധകരുടെ നീണ്ടകാല ആഗ്രഹപ്രകാരം ഇരുവരും ജോടി ചേർന്ന് വീണ്ടും അഭിനയിച്ചേക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. കൈതി എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം കാർത്തിയുടെ പുറത്തുവരാനുള്ള അടുത്ത ചിത്രം സുൽത്താനാണ്. ഇൗ ചിത്രം കൂടാതെ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ , പേരിടാത്ത മറ്റൊരു ചിത്രം എന്നിവയാണ് കാർത്തിയുടെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.തമിഴ് സിനിമയിലെ മുഖ്യ നായകൻമാരും സഹോദരൻമാരുമായ കാർത്തിയും സൂര്യയും തങ്ങളും ആരാധകരോട് പറയുന്ന ഒരേയൊരു കാര്യം 'നാം നമ്മുടെ അച്ഛനമ്മമാരെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നപോലെ നോക്കണമെന്നും അവരുടെ കണ്ണുകളെ ഇൗറനണിയാനുള്ള അവസരം ഉണ്ടാക്കരുതെന്നുമാണ് ." ഇതുവെറും ഉപദേശമായി പറയുന്നതല്ലാതെ തങ്ങളുടെ ജീവിതത്തിൽ ചെയ്തുകാണിച്ച് മറ്റുള്ളവർക്ക് ഉദാഹരണമായി തിളങ്ങിനിൽക്കുന്ന രണ്ട് നായകന്മാരാണ് സൂര്യയും കാർത്തിയും.