'സൂരെെറ പോട്ര് " ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും, സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയായ സൂര്യ അതിന്റെ ക്രെഡിറ്റ് മുഴുവൻ തന്റെ സംവിധായിക സുധ കൊങ്ങരയ്ക്കും മറ്റ് നിർമ്മാണ പങ്കാളികൾക്കും നൽകുകയാണ്. 2008ൽ പുറത്തിറങ്ങിയ തന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വാരണം ആയിര'ത്തോടാണ് സൂര്യ പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തുന്നത്. താൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന 'വാരണം ആയിര"വുമായി 'സൂരെെറ പോട്രി"ന് ഒരുപാട് സാമ്യമുണ്ടെന്നും സൂര്യ പറയുന്നു.
'വാരണം ആയിരം" ഒരു യാത്ര
ട്രെയിലറുകളും പ്രമോഷണൽ പോസ്റ്ററുകളുമെല്ലാം കണ്ടപ്പോൾ 'വാരണം ആയിര"വുമായി 'സൂരെെറ"യ്ക്ക് സാമ്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. സാധാരണ ഒരു സിനിമ ചിത്രീകരിക്കാൻ ആരംഭിച്ച് കഴിഞ്ഞ ശേഷം ഒരു ആറ് മാസത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട ജോലികൾ അവസാനിക്കും. 'വാരണം ആയിര"ത്തിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഒരുപാട് 'ഇമോഷണൽ ഇൻവെസ്റ്റ്മെന്റ് " ആ ചിത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചിരുന്നു. ഗൗതം സാറിന്റെ ഭാഗത്തുനിന്നും എന്റെ ഭാഗത്തുനിന്നും. അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചുള്ള ഓർമകളാൽ പടുത്തുയർത്തിയ ഒരു ചിത്രമായിരുന്നു അത്. ഒരു യാത്രയായിരുന്നു 'വാരണം ആയിരം".
'ഞങ്ങൾ"എന്ന ഘടകം
ക്യാപ്ടൻ ഗോപിനാഥ് സാറിന്റെ കഥയ്ക്കും എന്റേതിനോട് സാമ്യമുണ്ട്. ഒരു ആശയം നമ്മുടെ മനസിൽ ഉടലെടുത്ത് അത് വിജയകരമായി ലോകത്തിനു മുൻപിൽ പൂർത്തീകരിച്ച് കാണിച്ചുകൊടുത്തുകൊണ്ട്-ഇത് ഞാൻ എനിക്കായി മാത്രം ചെയ്തതല്ല, നിങ്ങൾക്ക് കൂടി വേണ്ടിയുള്ളതാണ്-എന്ന് പറയുകയാണ് അദ്ദേഹം ചെയ്തത്. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ 'സൂരെെറ"ഞങ്ങൾക്ക് വളരെ പേഴ്സണലായിരുന്നു.
'ഞങ്ങൾ" എന്നത് ഈ സിനിമയിലെ വലിയൊരു ഘടകമായിരുന്നു. സുധയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഒരുപാട് കാര്യങ്ങൾ നടത്തി കാണിച്ചുകൊണ്ടാണ് അവരും മുന്നോട്ട് വന്നത്. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ പലരും സുധയോട് എങ്ങനെയുള്ള സമീപനമാണ് സ്വീകരിച്ചത്, ഏത് സാഹചര്യങ്ങളിലൂടെയാണ് അവർ കടന്നുവന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് 'സൂരെെറ"യിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
ഒരു വനിത ഡയറക്ടർ
ഒരു ഡയറക്ടർ എങ്ങനെ ആയിരിക്കണമോ അതാണ് സുധ. അവർ അവരുടെ കഴിവിനൊത്ത് ഈ സിനിമയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ ചെയ്ത കുറച്ച് ചിത്രങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഒന്നുകൂടി ഒരു' റിഫ്രഷ് ബട്ടൺ" അമർത്തിയത് പോലെയായിരുന്നു സുധയുമായുള്ള അനുഭവം. അതൊരു പഠനം കൂടിയായിരുന്നു എനിക്ക്. എന്റെ മറ്റ് പ്രോജക്ടുകളിലെ സംവിധായകരുമായി സുധയെ ഞാൻ താരതമ്യം ചെയ്യുന്നില്ല. എന്നാലും വ്യക്തിപരമായി പറയുകയാണെങ്കിൽ , നന്ദ പോലെയോ, പിതാമഹൻ പോലെയോ സ്വയം റീ-ഇൻവെന്റ് ചെയ്യാൻ എന്നെ സഹായിച്ച ഒരു ചിത്രമായാണ് 'സൂരെെറ" ഫീൽ ചെയ്തത്. ഒരു പുതിയ അന്തരീക്ഷം. ഒരു പുതിയ പാഠം. അതാണ് സുധ എനിക്ക് നൽകിയത്. ഇങ്ങനെയും ഇത് ചെയ്യാമല്ലോ എന്ന് സുധ എന്നെ ചിന്തിപ്പിച്ചു. അവർക്ക് വലിയ നന്ദി ഇക്കാര്യത്തിൽ എനിക്ക് പറയാനുണ്ട്. വളരെ ആസ്വദിച്ചാണ് ഞാൻ ഈ ചിത്രത്തിനായി പ്രവർത്തിച്ചത്.
വിശ്രമമില്ലാത്ത 'മോൺസ്റ്റർ"
സിനിമയ്ക്കുവേണ്ടി പൂർണമായും പ്രവർത്തിക്കാൻ സുധ തയ്യാറായിരുന്നു. രാവിലെ നാലുമണിക്ക് എഴുന്നേൽക്കും, ലോറിയുടെ മുകളിൽ തൂങ്ങി നിന്ന് നിർദേശങ്ങൾ നൽകും, ഓടിനടന്ന് എല്ലാവരുമായുംസംസാരിക്കും, ഇങ്ങനെയൊക്കെയായിരുന്നു സുധയുടെ പ്രവർത്തന രീതികൾ. ഞങ്ങളിൽ നിന്നും അതേ അച്ചടക്കം അവർ ആവശ്യപ്പെട്ടിരുന്നു. സിനിമയ്ക്കുവേണ്ടി എല്ലാം സമർപ്പിക്കണമെന്നും സുധ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. അവരുടെ ആവേശവും സത്യസന്ധതയും സിനിമയ്ക്കുവേണ്ടി കഷ്ടപ്പെടാനുള്ള പ്രചോദനമാണ് ഞങ്ങൾക്ക് നൽകിയത്. ആ സംവിധായകൻ, ഈ സംവിധായകൻ എന്നൊന്നും ഞാൻ പറയുന്നില്ല. എങ്കിലും ചിലപ്പോൾ മറ്റാരേക്കാളും മികച്ച രീതിയിൽ അവർ അവരുടെ ജോലി ചെയ്തുതീർത്തു. സുധയെ പോലെ കൂടുതൽ സംവിധായകർ മുന്നോട്ട് വരണം എന്നാകും ഞാൻ പറയുക. മികച്ച കഥകളുമായി അവർ വരണം. സുധ അങ്ങേയറ്റം പ്രൊഡ്യൂസർ ഫ്രണ്ട ്ലി ആയ ഒരു സംവിധായിക ആണ്. ഓരോ ദിവസവും ഏകദേശം അഞ്ച് മണിക്കൂർ എന്ന കണക്കിൽ മൂന്ന് വർഷക്കാലം അവർ ഈ സിനിമയെ കുറിച്ചാണ് സംസാരിച്ചത്. എന്നും പുലർച്ചെ നാല് മണിക്കൊക്കെ സിനിമയെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും. സത്യത്തിൽ ഒരു മോൺസ്റ്ററിനെ പോലെയാണ് സുധ.