ആൽബിനോ കാത്തു
പനാജി: ഐ.എസ്.എൽ പുതിയ സീസണിൽ കേരളബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം ഇനിയും അകലെ. ഇന്നലെ നടന്ന നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യമെങ്കിലും എതിർ വലകുലുക്കാൻ അവർക്കായില്ല. പെനാൽറ്റി സേവുൾപ്പെടെ ക്രോസ് ബാറിന് കീഴിൽ തകർപ്പൻ പ്രകടവനുമായി കളം നിറഞ്ഞ ഗോളി ആൽബിനോ ഗോമസാണ് ബ്ലാസ്റ്റേഴ്സിന്റെയും മത്സരത്തിലേയും ഹീറോയായത്.
സഹലും പ്രശാന്തുമുൾപ്പെടെയുള്ള മലയാളിതാരങ്ങൾ ആരും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇല്ലായിരുന്നു. ചെന്നൈയിയുടെ ആക്രമണത്തോടെയാണ് മത്സരം പുരോഗമിച്ചത്. 17-ാം മിനിട്ടിൽ ആൽബിനോ ഗോമസിന്റെ പിഴവ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചെങ്കിലും അവസരത്തിനൊത്തുയർന്ന ഡിഫൻഡർ ബക്കാരി കോനെ അപകടമൊഴിവാക്കി. 25 -ാം മിനിട്ടിൽ ചെന്നൈയിൻ വലചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ രോഹിതിന്റെ ലോംഗ് റേഞ്ചർ
ചെന്നൈ ഗോളി വീശാൽ നെടുനീളെ പറന്ന് തട്ടിയകറ്റി. രണ്ടാം പകുതിയിൽ മലയാളിതാരം രാഹുൽവലകുലുക്കിയെങ്കിലും ഓഫായിരുന്നു. 73-ാം മിനിട്ടിൽ സിഡോ നടത്തിയ ഫൗളിനാണ് ബ്ലാസ്റ്റേഴ്സിന് എതിരെ പെനാൽട്ടി വിധിച്ചത്. എന്നാൽ യാക്കൂബ് സിൽവസ്റ്ററിന്റെ കിക്ക് വലത് വശത്തേക്ക് പറന്ന് ആൽബിനോ സേവ് ചെയ്യുകയായിരുന്നു.
ജംഷഡ്പൂരും ഒഡീഷയും
ഒപ്പത്തിനൊപ്പം
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജംഷഡ്പൂരും ഒഡീഷയും 2-2ന് സമനിലയിൽ പിരിഞ്ഞു. ജംഷഡ്പൂരിനായി വാൽസ്കിസും ഒഡീഷയ്ക്കായി പകരക്കാരനായിറങ്ങിയ ഡീഗോ മൗറീഷിയോയും ഇരട്ടഗോൾ നേടി.74-ാം മിനിട്ടിൽ ജംഷഡ്പൂരിന്റെ മലയാളിഗോളി ടി.പി രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടന്ന് പത്ത് പേരായിചുരുങ്ങി. ഇതിന് ശേഷമാണ് ഒഡീഷ രണ്ട് ഗോളും നേടിയത്.