കൊടിത്തൂവ അഥവ ചൊറിയണത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ദേഹത്ത് തട്ടിയാൽ ചൊറിയുമെന്ന ഭയത്താൽ ഇതിനെ അകറ്രി നിറുത്തുന്നവർ ഇതിന്റെ ആരോഗ്യഗുണങ്ങൾ കൂടി അറിയുക. കൊടിത്തൂവയുടെ ഇല പറിച്ച് ചൂടുവെള്ളത്തിലിട്ടാൽ പിന്നീട് അത് ചൊറിയില്ല. ഇല തോരനുണ്ടാക്കിയും സൂപ്പായും ഉപയോഗിക്കാം രക്തശുദ്ധീകരണത്തിന് ഉത്തമമാണ് കൊടിത്തൂവയില. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും.
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ കൊടിത്തൂവയില വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കും യൂറിനറി ഇൻഫെക്ഷനും ഇതിന്റെ ഇല പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾക്കും ഇലയിട്ട വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യുന്നു. കാത്സ്യ സംപുഷ്ടമായതിനാൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങളും കുറയ്ക്കുന്നു. നീർക്കെട്ട്, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയാണ്.