തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നാളെ മുതൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ന്യൂനമർദ്ദം നാളെയോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് ഇത് അറബിക്കടലിലേക്ക് നീങ്ങും. ഇടുക്കി,തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. അതിതീവ്രമഴ കണക്കിലെടുത്ത് ഡിസം.2ന് ഇടുക്കി ജില്ലയിൽ റെഡ് അലർട്ടും നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 2ന് ഇടുക്കിയൊഴിച്ചുള്ള ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ മുതൽ കേരള തീരത്തെ കടൽ അതി പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്. 3നുശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിനും സാദ്ധ്യതയുണ്ട്.
എഴുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലയോരമേഖലകളിലും തീരപ്രദേശങ്ങിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെപ്പെടുത്തി.