നിന്നെ ഞാൻ എന്തു വിളിക്കും?
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ...? "
വാണിജയറാം ഒരു മേശയ്ക്കപ്പുറം മുഖാമുഖമിരുന്ന് പാടി.മലയാളത്തിൽ അവരെ അവതരിപ്പിച്ച ശിവന്റെ സ്വപ്നത്തിൽ നിന്നുള്ള ' സൗരയൂഥത്തിൽ വിടർന്നോരു കല്യാണ ' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ.ഇന്ത്യൻ സിനിമ കണ്ട അതുല്യയായ ഈ ഗായികയ്ക്ക് ഇന്നലെ 75 വയസ് തികഞ്ഞു.
വലിയ തുടക്കം
ഒരു ഗായികയെന്ന നിലയിൽ ആർക്കും സ്വപ്നം കാണാനാവാത്ത അരങ്ങേറ്റമായിരുന്നു വാണിജയറാമിന് ലഭിച്ചത്.തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം.പേര് കലൈവാണി.രംഗ രാമാനുജ അയ്യങ്കാർ എന്ന സംഗീതഞ്ജന്റെ കീഴിൽ ദീക്ഷിതർ കൃതികൾ പഠനം തുടങ്ങി.കടലൂർ ശ്രീനിവാസ അയ്യങ്കാർ,ടി.ആർ.ബാലസുബ്രഹ്മണ്യം,ആർ.എസ്.മണി എന്നിവരിൽ നിന്ന് കർണാടക സംഗീതവും.എട്ടാമത്തെ വയസിൽ ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കാൻ കുഞ്ഞുവാണിക്ക് അവസരം ലഭിച്ചു.പാട്ടിന്റെ ലോകത്ത് ഉദിച്ചുയർന്ന വാണി പഠനശേഷം സ്റ്റേ ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി സ്വീകരിച്ചു.വിവാഹിതയായി.
ജയറാമിന്റെ പിന്തുണ
വാണിയുടെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഭർത്താവ് ജയറാം. ബോംബെയിൽ സെറ്റിൽ ചെയ്തപ്പോൾ വാണിയെ ഹിന്ദുസ്ഥാനി പഠിപ്പിക്കാൻ പ്രേരിപ്പിച്ചതും പാട്യാല ഘരാനയിലെ ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന്റെയടുത്ത് കൊണ്ടാക്കിയതും ജയറാമായിരുന്നു.സിലിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ജയറാം.ഗസലും, തുംരിയും,ഭജനുമടക്കം വാണി ഹൃദിസ്ഥമാക്കി.ഈ വേളയിൽ കമ്പോസർ വസന്ത് ദേശായിയെ പരിചയപ്പെട്ടത് വാണിയുടെ മുന്നിൽ വലിയൊരു ലോകം തുറക്കാൻ ഇടയാക്കി.കുമാർ ഗന്ധർവ്വയോടൊപ്പം മറാത്തിയിൽ ഒരു സംഗീത ആൽബം ഒരുക്കുകയായിരുന്ന ദേശായി അതിൽ പാടാൻ വാണിക്കും അവസരം നൽകി.കുമാർ ഗന്ധർവ്വയോടൊപ്പം യുഗ്മഗാനം പാടാനായത് വാണിയുടെ പ്രശസ്തി ഉയർത്തി.പണ്ഡിറ്റ് ദിനകർ കാക്കിനിയുടെ മീര എന്ന ചിത്രത്തിൽ പാടാൻ അത് വഴിയൊരുക്കി.ആ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്,മറ്റാരുമായിരുന്നില്ല.സാക്ഷാൽ പണ്ഡിറ്റ് രവിശങ്കറായിരുന്നു.
ഹിന്ദിയിൽ തകർപ്പൻ അരങ്ങേറ്റം
ജയാ ബച്ചനെ നായികയാക്കി ഹൃഷികേശ് മൂഖർജി സംവിധാനം ചെയ്ത ഗുഡ്ഢിയിൽ വാണി ആലപിച്ച
' ബോലേരെ പപ്പി ഹരാ " എന്ന ഗാനം ദേശീയ തലത്തിൽ തരംഗമായി.വസന്ത് ദേശായിയായിരുന്നു സംഗീതം.തുടർന്ന് നൗഷാദിന്റെയും മദൻമോഹന്റെയും ആർ.ഡി.ബർമ്മന്റെയും സംഗീത സംവിധാനത്തിൽ വാണിജയറാം പാടി. കിഷോർകുമാറിനും മുകേഷിനുമൊപ്പം യുഗ്മ ഗാനങ്ങൾ ആലപിച്ചു. വാണിജയറാം ഹിന്ദിയിൽ തരംഗം സൃഷ്ടിച്ചതോടെ പ്രശ്നങ്ങളും തലപൊക്കി.തങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന പുതിയ ഗായികയെ തകർക്കാൻ ലതാ മങ്കേഷ്ക്കറും ആസാ ഭോസ്ലെയും ഒരു പോലെ രംഗത്തുവന്നുവെന്നാണ് അന്ന് ഹിന്ദി ചലച്ചിത്രലോകത്ത് ഉയർന്നുകേട്ട ആക്ഷേപങ്ങൾ.ഇതേക്കുറിച്ച് ചോദിച്ചാൽ മാന്യയായ വാണി ഒന്നും തുറന്നു പറയില്ല.എന്തായാലും അധികം വൈകാതെ ഹിന്ദി ചലച്ചിത്രലോകത്തുനിന്നും വാണിജയറാം ഒൗട്ടായി.
ദക്ഷിണേന്ത്യയിൽ
മലയാളം ,തമിഴ്,തെലുങ്ക്, കന്നട എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരു പോലെ താരമായ ഗായികയാണ് വാണിജയറാം.മൂന്ന് ദേശീയ അവാർഡുകൾ.രണ്ടെണ്ണം തെലുങ്കിൽ നിന്നും ഒരെണ്ണം തമിഴിൽ നിന്നും.ശങ്കരാഭരണത്തിൽ വാണി പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.വളരെ യാദൃശ്ചികമായിട്ടാണ് മലയാളത്തിൽ വാണി അരങ്ങേറിയത്. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ എന്നു തുടങ്ങുന്ന ഗാനം റെക്കോർഡ് ചെയ്യാൻ സലിൽ ചൗധരി മദ്രാസിലെത്തി.
പി.സുശീലയെയാണ് ഗായികയായി നിശ്ചയിച്ചിരുന്നത്. എന്തോ അസൗകര്യമുള്ളതിനാൽ ട്രാക്ക് പാടി വയ്ക്കാമെന്ന് സുശീല പറഞ്ഞെങ്കിലും സലിൽദാ അതിന് തയ്യാറായില്ല.ആ സമയത്ത് വാണി ജയറാമിന്റെ ഒരു ഭജൻ കച്ചേരി മദ്രാസിലുണ്ടായിരുന്നു .ശിവൻ ക്ഷണിച്ചപ്പോൾ അവർ സന്തോഷത്തോടെ വന്നു പാടി.അതോടെ മലയാളത്തിലും വാണി ജയറാം എന്ന ഗായിക തന്റെ സ്ഥാനം ഉറപ്പിച്ചു.വിവിധ ഭാഷകളിലായി കാൽ ലക്ഷത്തോളം പാട്ടുകൾ വാണി ജയറാം ആലപിച്ചു.അതിൽ ശ്രദ്ധേയമായ എത്രയെത്ര പാട്ടുകൾ.ഏറ്റവുമൊടുവിൽ ആക്ഷൻ ഹീറോ ബിജുവിലെ ' ഓലഞ്ഞാലിക്കുരുവി 'വരെ. ഇന്നും വാണിജയറാമിന്റെ സ്വരമാധുര്യത്തിന് ഒരു കോട്ടവുമില്ല. ആദ്യം സൂചിപ്പിച്ചതുപോലെ വാണിയ്ക്കും ഭർത്താവ് ജയറാമുമൊത്ത് എത്രയോ തവണ സംസാരിച്ചിരുന്നിട്ടുണ്ട്.അപ്പോഴെല്ലാം ആവശ്യപ്പെട്ട പാട്ടുകൾ വാണി പാടി കേൾപ്പിച്ചിട്ടുണ്ട്.നല്ല മനുഷ്യർ. ഒരു വർഷം മുമ്പാണ് ജയറാം വിടപറഞ്ഞത്.ആ ദുഖത്തിൽ നിന്ന് ഇനിയും അവർ കരകയറിയിട്ടില്ല. സംഗീതം മാത്രമാണ് ആകെയുള്ള ആശ്വാസം. വാണീജയറാമിന്റെ പാട്ടിന്റെ മാധുര്യം അവസാനിക്കുകയില്ല.