thomas-issac

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർച്ചയിലെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ കാണും. ഇന്ന് വൈകുന്നേരം നാല് മണിയ്‌ക്കാണ് കൂടിക്കാഴ്‌ച. റിപ്പോർട്ട് ചോർന്നതിൽ സ്‌പീക്കർക്ക് നേരത്തെ തന്നെ അതൃപ്‌തിയുണ്ടായിരുന്നു. ഇതേ തുടർന്നാണ് തോമസ് ഐസക്ക് നേരിട്ടെത്തി അദ്ദേഹത്തെ കാണുന്നത്. വി ഡി സതീശനാണ് ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

സ്‌പീക്കർമാരുടെ സമ്മേളനത്തിനായി ഗുജറാത്തിൽ പോയ ശ്രീരാമകൃഷ്‌ണൻ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. നിയമസഭയെ വലിച്ചിഴയ്‌ക്കുന്ന വിവാദം വേണ്ടായിരുന്നു എന്ന നിലപാട് സ്‌പീക്കറുടെ ഓഫീസിനുണ്ട്. സി എ ജിയെ കുറ്റപ്പെടുത്തി കൊണ്ടുളള വിശദീകരണമാകും തോമസ് ഐസക്ക് സ്‌പീക്കറിന് നൽകുക.

വിഷയത്തിൽ സ്‌പീക്കറുടെ നിലപാട് നിർണായകമാണ്. അവകാശലംഘനം നടന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ അദ്ദേഹത്തിന് മന്ത്രിക്കെതിരെ നടപടിയെടുക്കാനാകും. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിഷയം വിടാനുളള സാദ്ധ്യതയുമുണ്ട്. ധനകാര്യ സെക്രട്ടറി അവകാശ ലംഘനം നടത്തിയെന്ന കെ എസ് ശബരീനാഥൻ എം എൽ എയുടെ പരാതിയും സ്‌പീക്കറുടെ മുന്നിലുണ്ട്.

കിഫ്‌ബിയിലെ പരിശോധനയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റിനെതിരെ എം സ്വരാജ് നൽകിയ അവകാശലംഘന നോട്ടീസും സ്‌പീക്കറുടെ പരിഗണനയിലുണ്ട്. ബാർക്കോഴ കേസിൽ രമേശ് ചെന്നിത്തലയ‌്ക്കെതിരായ അന്വേഷണത്തിനുളള അനുമതിയും സ്‌പീക്കർ പുറപ്പെടുവിക്കേണ്ടതുണ്ട്.