pinarayi-vijayan

തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്‌ഡിന് പിന്നാലെ സി പി എമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കാൻ പാർട്ടി ഒരുങ്ങുന്നു. ധനമന്ത്രി ഉൾപ്പടെയുളളവർ വിജിലൻസിനെ കുറ്റപ്പെടുത്തുമ്പോഴും നേതാക്കളുടെ പരസ്യ പ്രതിഷേധം വിരൽ ചൂണ്ടുന്നത് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നേർക്കാണ്. കോടിയേരിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ തിരുത്താൻ കഴിയാതെ പഴികേട്ട പാർട്ടി നേതൃത്വമാണ് വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുന്നത്.

ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലായതോടെ ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാകില്ലെന്ന നിലപാടിലാണ് സി പി എം നേതാക്കൾ. പൊലീസ് നിയമഭേദഗതിയിൽ എം എ ബേബി ഉയർത്തിയ ആശങ്കയാണ് ഇതിന്റെ തുടക്കം. പിന്നാലെ ജാഗ്രതക്കുറവ് തുറന്ന് പറഞ്ഞുളള എ വിജയരാഘന്റെ ഏറ്റുപറച്ചിലുമുണ്ടായി.

പിണറായി സർക്കാരിന്റെ കഴിഞ്ഞ നാല് കൊല്ലം പതിവില്ലാതിരുന്ന പലതും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നുണ്ട്. വിജിലൻസ് കെ എസ് എഫ് ഇ വിവാദത്തിൽ ഐസക്ക് വിജിലൻസിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ തുറന്നടിച്ച് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലാണ് കഴിഞ്ഞ നാല് വർഷം ഭരണവും പാർട്ടിയും കേന്ദ്രീകരിക്കപ്പെട്ടത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ പിന്തുണയ്‌ക്കുക മാത്രമായിരുന്നു ഇതുവരെ സി പി എം ചെയ്‌തിരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നില്ല. എന്നാൽ കാര്യങ്ങളെല്ലാം ഇപ്പോൾ കീഴ്‌മേൽ മറിയുകയാണ്.

കെ എസ് എഫ് ഇ -വിജിലൻസ് വിവാദത്തിൽ ആഭ്യന്തരവകുപ്പും ധനവകുപ്പും നേർക്കുനേർ വരുമ്പോൾ പാർട്ടിയിൽ കൂടുതൽ പേരും പിന്തുണയ്‌ക്കുന്നത് ഐസക്കിനെയാണ്. ലക്ഷക്കണക്കിന് ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന കെ എസ് എഫ് ഇയിൽ മുഖ്യമന്ത്രിയുടെ അറിവോടെയാണോ പരിശോധന എന്നതാണ് പ്രധാന ചോദ്യം. തന്റെ ഉപദേശകൻ അറിഞ്ഞിട്ടും റെയ്‌ഡുമായി ബന്ധപ്പെട്ട യാതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലയെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.

സർക്കാരിന്റെ നിർണായക നീക്കങ്ങളും തീരുമാനങ്ങളും പാർട്ടിയറിയാതെ ഇനി വേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കളുടെ പരസ്യവിമർശനങ്ങൾ. സ്‌പ്രിൻക്ലർ വിവാദം മുതൽ മുഖ്യമന്ത്രിക്ക് ഓരോ തവണ ചുവടുകൾ പിഴക്കുമ്പോഴും മിണ്ടാതിരുന്ന പാർട്ടി നേതൃത്വം നേതൃമാറ്റത്തോടെ സ്വരം കടുപ്പിക്കുന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ പടയൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി വിജിലൻസിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചതോടെ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരായ ആയുധമായെന്ന് വ്യക്തമായിരിക്കുകയാണ്.

ആഭ്യന്തരവകുപ്പ് തിരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങളുടെ കേന്ദ്രമാകുന്നതിലെ അതൃപ്തിയാണ് സി പി എമ്മിലെ ഭൂരിപക്ഷം നേതാക്കളും പങ്കുവയ്‌ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥർ പല അട്ടിമറിനീക്കങ്ങൾക്കും ചരടുവലിക്കാനിടയുണ്ടെന്നിരിക്കെ അതിന് കുട പിടിച്ചുകൊടുക്കണോ എന്നാണ് പാ‌ർട്ടിയിലെ ചോദ്യം. സർക്കാരിന്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് ഇടതുമുന്നണി സമരം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ തന്നെ അന്വേഷണ ഏജൻസി രാഷ്ട്രീയ എതിരാളികൾക്ക് ആയുധമിട്ടു കൊടുത്തതിലാണ് പാർട്ടിയിലെ അമർഷം.

പരാതിയുടെ അടിസ്ഥാനത്തിലുളള പരിശോധനയെന്നാണ് വിജിലൻസ് വാദം. അതിനാൽ കാര്യങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി ഒരുങ്ങിയേക്കും. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാർത്തകൾക്കിടെ,​ വിജിലൻസ് ഇന്ന് പത്രക്കുറിപ്പിറക്കുമെന്നും സൂചനയുണ്ട്. അടുത്തുചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം വിശദമായി ചർച്ച ചെയ്യും.