ooman-chandy

തിരുവനന്തപുരം: തെ‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽ പേടിക്കേണ്ടതില്ലെന്നാണ് ആദ്യം മുതലേ ഉള‌ള തന്റെ നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസുമായി ബന്ധപ്പെട്ട് ഇനിയും സത്യങ്ങൾ പുറത്ത് വരാനുണ്ട്. ഇനിയും ചില കാര്യങ്ങൾ മറനീക്കി പുറത്ത് വരാനുണ്ടെന്നും പൂർണമായും കു‌റ്റക്കാരനല്ലെന്ന് തെളിയുമെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ താനില്ല. അതുകൊണ്ട് തനിക്കറിയുന്ന കുറച്ച് കാര്യങ്ങൾ പറയുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുൻപും സോളാർ കേസിൽ കുറേ സർക്കാർ പൈസ പോയി എന്നല്ലാതെ അന്വഷണം കൊണ്ട് വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണോ എന്ന കാര്യത്തിൽ പാർട്ടിയിലെ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളകോൺഗ്രസ്(ബി) മുൻ നേതാവും നിലവിൽ കോൺഗ്രസ് നേതാവുമായ ശരണ്യ മനോജ് സോളാർ കേസിൽ ഗണേശ് കുമാറിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിൽ ആരോടും പ്രതികാരത്തിന് താനില്ലെന്ന് കഴിഞ്ഞദിവസം ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. പൊതുപ്രവർത്തനത്തിനിറങ്ങുമ്പോൾ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരിക സ്വാഭാവികമാണെന്നും അത് സഹിക്കുക എന്നല്ലാതെ പ്രതികാരം ചെയ്യുക തന്റെ അജണ്ടയിലില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ പേര് കേസിലെ പരാതിക്കാരിയുടെ കത്തിൽ എഴുതിച്ചേർത്തത് ഗണേഷ് കുമാറാണെന്നായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.