tesla-cars

ഇലോൺ മസ്‌കിന്റെ ടെസ്‌ല കമ്പനിയെ പഴയൊരു ആരോപണത്തിന്റെ ഭൂതം വിടാതെ പിൻതുടരുകയാണിപ്പോഴും. ആദ്യമായി ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കിയ കമ്പനിയുടെ വാഹനങ്ങൾ തനിയെ സ്‌റ്റാർട്ടായി നീങ്ങുന്നുവെന്ന പരാതി മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ അവ പരിഹരിക്കപ്പെട്ടതായി ആശ്വസിച്ച കമ്പനിക്ക് നാണക്കേടായി പുതിയൊരു സംഭവം. ചൈനയിലെ നാൻചോങ്ങിൽ ജനക്കൂട്ടത്തിനിടയിലേക്ക് തനിയെ സ്‌റ്റാർട്ടായ കാർ പാഞ്ഞുകയറി രണ്ട്പേർ മരണമടഞ്ഞു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. മോഡൽ 3 എന്ന മോഡൽ വാഹനമാണ് അപകടമുണ്ടാത്തിയത്.

അപകടത്തിന്റെ കാരണങ്ങളെകുറിച്ച് ഇപ്പോഴും പരിശോധിക്കുകയാണെന്ന് ടെസ്‌ല അധികൃതർ അറിയിച്ചു. ജൂൺ മാസത്തിന് ശേഷം അത്തരം നാല് അപകടങ്ങൾ ഉണ്ടായതായി ചൈനീസ് മാദ്ധ്യമങ്ങൾ അറിയിക്കുന്നു. മുൻപ് ഇത്തരം ആരോപണങ്ങൾ അമേരിക്കയിൽ നിന്നും ടെസ്‌ലയ്‌ക്കെതിരെ ഉയർന്നിരുന്നു. രാജ്യത്തെ ദേശീയപാത ഗതാഗത സുരക്ഷ ഭരണകൂടം(എൻ.എഛ്ച്.ടി.എസ്.എ)ഇതിനെ കുറിച്ച് അന്വേഷിക്കുകയുമാണ്. എന്നാൽ ഓരോ അപകടമുണ്ടാകുമ്പോഴും അവ അസംബന്ധം എന്ന പേരിൽ തള‌ളിക്കളയുകയാണ് ടെസ്‌ല. വാഹനം ഓടിച്ചവരുടെ തെ‌റ്റിനെ തുടർന്നാണ് എല്ലാ അപകടവുമുണ്ടായതെന്നാണ് കമ്പനി പറയുന്നത്.

ടെസ്‌ല ഷോട്‌സെല്ലർ‌മാരാണ് പരാതികൾക്ക് പിന്നിലെന്ന് കമ്പനി പറയുന്നു. ഓഹരി വിപണിയിൽ മൂല്യം ഇടിയുമ്പോൾ ലാഭമുണ്ടാക്കാനായി വാത്‌വയ്പ്പ് നടത്തുന്നവരാണ് ഷോട്‌സെല്ലർമാർ. കഴിഞ്ഞ കുറച്ച് നാളുകളിലായി ടെസ്‌ലയുടെ ഓഹരികളിൽ വൻ ലാഭമാണ് ഉണ്ടായിരുന്നത്.

നാൻചോങ്ങിൽ നടന്ന അപകടത്തിൽ പെട്ട കാറിൽ നിന്നും കമ്പനി ശേഖരിച്ച തെളിവുകളനുസരിച്ച് ബ്രേക്ക് നൽകുന്നതിന് പകരം ആക്‌സില‌റേ‌റ്റർ നൽകിയത് തന്നെയാണ് അപകട കാരണമെന്നാണ് കമ്പനി ഇപ്പോഴും വാദിക്കുന്നത്.