അമൃത്‌സർ: കഴിഞ്ഞ 108 വർഷങ്ങളായി മദ്ധ്യ റെയിൽവെയിൽ തടസമില്ലാതെ ഓടുന്ന ഒരു ട്രെയിനിന് പുത്തൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച നല്ല കോച്ചുകൾ നൽകി പരിഷ്‌കരിക്കാൻ റെയിൽവെ. 1912ൽ ആരംഭിച്ച് ബോംബെ വി.ടി (ഇപ്പോൾ മുംബൈ സി.എസ്.ടി) മുതൽ പഞ്ചാബിലെ ഫെറോസ്‌പൂർ വരെ ഓടുന്ന പഞ്ചാബ് മെയിൽ ട്രെയിനിനാണ് നിലവിലെ ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്‌ടറി
(ഐ.സി.എഫ്) യിൽ നിർമ്മിച്ച കോച്ചുകൾ മാറി പഞ്ചാബിലെ കപൂർത്തലയിലെ റയിൽ കോച്ച് ഫാക്‌ടറിയിൽ നിർമ്മിച്ച എൽ.എച്ച്.ബി റേക്കുകൾ ലഭിക്കുന്നത്. മദ്ധ്യ റെയിൽവെയുടെ ഏറ്റവും പഴക്കം ചെന്ന ട്രെയിനുകളിലൊന്നാണ് പഞ്ചാബ് മെയിൽ. രാജ്യത്തെ മുഖ്യ ട്രെയിനുകളിൽ നിലവിൽ ഉപയോഗിക്കുന്ന തരം കോച്ചുകളാണ് ഐ.സി.എഫ് കോച്ചുകൾ.
നിലവിലെ കോച്ചുകളെക്കാൾ ഭാരം കുറഞ്ഞതും സുരക്ഷിതവും കൂടുതൽ ആളുകളെ ഉൾക്കൊളളുന്നതിന് പ്രാപ്‌തിയുളളതും വേഗം കൂടുന്നതിന് സഹായകവുമായവയാണ് എൽ.എച്ച്.ബി കോച്ചുകൾ. അത്യാധുനിക ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്കിംഗ് സംവിധാനം വഴി അതിവേഗം പായുമ്പോഴും വേഗം ബ്രേക്ക് നൽകാൻ ഇവയ്‌ക്ക് കഴിയും. ഐ.സി.എഫ് കോച്ചുകളുപയോഗിക്കുന്ന ട്രെയിനിന് പരമാവധി 110 കിലോമീറ്റർ വേഗത്തിൽ പായാനേ കഴിയൂ. എന്നാൽ എൽ.എച്ച്.ബി കോച്ച് ഉപയോഗിക്കുന്നവയിൽ 160 കിലോമീറ്റർ വേഗത്തിലോടാൻ കഴിയും. അപകടം നടന്നാൽ തന്നെ ഒന്നിനുമുകളിൽ മറ്റൊന്നായി ഇവ ഇടിച്ച് കയറില്ല. രാജ്യത്തെ പ്രീമിയം ട്രെയിനുകൾക്ക് ലഭിക്കുന്ന കോച്ചുകളാണ് ഇനി പഞ്ചാബ് മെയിലിന് ലഭിക്കൂ.