പട്‌ന: ബി ജെ പി വൺവേ ട്രാഫിക്കിന് സമാനമാണെന്നും പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ഒരിക്കൽ ബി ജെ പിയിൽ ചേർന്നാൽ ആ വ്യക്തിക്ക് പാർട്ടി വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിൽ നിന്നുളള രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയാണ് സുശീൽകുമാർ മോദി.
'ഞങ്ങളുടെ പാർട്ടി ബി ജെ പി വൺവേ ട്രാഫിക്ക് പോലെയാണ്. നിങ്ങൾക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെ നിന്ന് പോകാനാകില്ല. ബി ജെ പി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ബീഹാർ സർക്കാരിൽ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സർക്കാരിൽ വസിക്കുന്നുണ്ട്. പാർട്ടിയെ ഒരിക്കലും ദുർബലമാക്കാൻ അനുവദിക്കില്ല' എന്നും സുശീൽകുമാർ മോദി മാദ്ധ്യമങ്ങളോട് പറഞ്ഞു.;
എൽ ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ബീഹാറിൽ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെളളിയാഴ്‌ചയാണ് സുശീൽകുമാർ മോദിയുടെ സ്ഥാനാർത്ഥിത്വം ബി ജെ പി പ്രഖ്യാപിച്ചത്. ഡിസംബർ 14നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.