തിരുവനന്തപുരം: ജീവിതം അദ്ധ്യാപനത്തിന് വേണ്ടിയും സംഘടന പ്രവർത്തനത്തിന് വേണ്ടിയും ഉഴിഞ്ഞുവച്ച അദ്ധ്യാപികയാണ് എ ജി ഒലീന. യു ജി സി ശമ്പള സ്‌കെയിലും സാമ്പത്തിക സുരക്ഷിതത്വവും എല്ലാം മാറ്റിവച്ച് ജനങ്ങളെ സേവിക്കാനായി കുന്നുകുഴി വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഒലീന ടീച്ചർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പിന്നിട്ട വഴികളെപ്പറ്റിയും വിജയപ്രതീക്ഷകളെപ്പറ്റിയും എ ജി ഒലീന കേരളകൗമുദി ഓൺലൈനിനോട് മനസ് തുറക്കുന്നു.
പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുകയാണല്ലോ. വിജയ പ്രതീക്ഷയിൽ തന്നെയാണോ?
തീർച്ചയായും, അക്കാര്യത്തിൽ സംശയമില്ല. എൽ ഡി എഫിന്റെ നല്ലൊരു വാർഡാണ് കുന്നുകുഴി. നേരത്തെ കൗൺസിലർ ആയിരുന്ന ഐ പി ബിനു നടത്തിയ വികസന പദ്ധതികളുടെ തുർച്ചയ്‌ക്ക് വേണ്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി എന്നെ നിർത്തിയിരിക്കുന്നത്. നല്ല പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ.
ഇതുവരെയുളള തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ മുഖ്യപ്രചാരണ വിഷയം എന്തൊക്കെയായിരുന്നു?
വാർഡിൽ ഒരു അറവുശാലയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാക്കണം. അത് പൂർത്തിയാക്കുമ്പോൾ നഗരം മുഴുവൻ ഗുണമേന്മയുളള മാംസാഹാരം കിട്ടും. റോഡ് വികസനം നടന്നുകൊണ്ടിരിക്കുകയാണ്. കൗൺസിൽ അധികാരം മാറിയെങ്കിലും വികസന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. അതെല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകണം. കൃത്യമായ ആശയങ്ങൾ ഞങ്ങൾക്കുണ്ട്. ഒരു നിലപാട് മുന്നോട്ടുവച്ചു കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ട് ചോദിക്കുന്നത്.
വികസന പ്രവർത്തനങ്ങളെപ്പറ്റി പറയുമ്പോഴും സംസ്ഥാന സർക്കാരിനെ വിവാദങ്ങൾ ഒരുപാട് വേട്ടയാടുന്നുണ്ട്. അത്തരം വിവാദങ്ങൾ നെഗറ്റീവായി ബാധിക്കും എന്ന ആശങ്കയുണ്ടോ?
പ്രചാരണം ഞാൻ എല്ലാ വീടുകളിലും മൂന്ന് റൗണ്ട് പൂർത്തിയാക്കി. പലയിടത്തും നാലാമതും അഞ്ചാമതും പോയി. ചിലയിടത്ത് ആറാമതും പോയി. ആറാമത് പോകുമ്പോൾ പോലും സർക്കാരിന് എതിരായി ഒരു ചോദ്യവും ആരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. കുന്നുകുഴി പ്രദേശത്തെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. എങ്കിൽ പോലും ഇപ്പോഴും ഒരുപാട് പ്രശ്‌നങ്ങൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് അതൊക്കെയാണ് പ്രധാന വിഷയം. ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ട പ്രാദേശിക വികസനമാണ്.
കഴിഞ്ഞ കുറേ കാലങ്ങളായി തിരുവനന്തപുരം നഗരസഭ ഭരിക്കുന്നത് എൽ ഡി എഫാണ്. ബി ജെ പി ഇത്തവണ ഒരു അവസരത്തിനായാണ് വോട്ട് ചോദിക്കുന്നത്. ഇനിയും എൽ ഡി എഫിനെ വിജയപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വിശദീകരിക്കാമോ?
കേന്ദ്രസർക്കാർ എന്താണ് ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാൻ കേരളീയർക്ക് ഒരു ബുദ്ധിമുട്ടുമില്ല. അദ്ധ്യാപക സംഘടനയുടെ അഖിലേന്ത്യ നേതാവെന്ന നിലയിൽ കാശ്‌മീർ ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം സഞ്ചരിക്കാനുളള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അവിടെയുളള ഗ്രാമജീവിതങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. എത്രമാത്രം ദയനീയമാണ് ഇന്ത്യയിലെ സാധാരണക്കാരുടെ അവസ്ഥയെന്ന് നേരിട്ട് അറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെയൊക്കെ മനുഷ്യരുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. വേറൊന്നും ഞാൻ പറയുന്നില്ല, ഇപ്പോൾ നടക്കുന്ന കർഷക സമരം മാത്രം ശ്രദ്ധിച്ചാൽ മതി. ഇതുവരെയുളള കേന്ദ്രസർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും സാധുക്കളുടെ ജീവിതത്തെ താറുമാറാക്കുകയാണ്. കേരളം അങ്ങനെയല്ലല്ലോ. എന്തുകൊണ്ട് കേരളം അങ്ങനെയല്ല എന്ന് ചോദിച്ചാൽ കാലാകാലങ്ങളിൽ മാറിമാറി വന്ന ഇടതു വലതു സർക്കാരുകൾ കേരളത്തിലുണ്ട്. അതിൽ ഇടത് സർക്കാർ കേരളം ഭരിച്ചത് ഇരുപത്തിനാലര വർഷമാണ്. എന്നാൽ വന്ന നയ സമീപനങ്ങൾ ആലോച്ചിച്ച് നോക്കിക്കേ. പഞ്ചായത്തിരാജ് ബിൽ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അവിടെ നിന്ന് ഇങ്ങോട്ട് സമാനതകളില്ലാത്ത വികസനമായിരുന്നു കേരളത്തിന്റേത്. മാദ്ധ്യമങ്ങൾക്ക് അതൊന്നും തളളിക്കളയാനാകില്ല. ഞങ്ങൾ ഫെമിനിസ്റ്റുകളായോണ്ടോ എൽ ഡി എഫ് പ്രവർത്തകർ ആയതുകൊണ്ടോ അല്ല ഇങ്ങനെ പറയുന്നത്. അങ്ങനെ ഇതിനെ കാണ്ടേണ്ട. വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്‌താൽ ഇതൊക്കെ സാമാന്യം മനസിലാകുന്ന കാര്യങ്ങളാണ്. കേരളത്തിലെ ജനങ്ങൾ നല്ല രാഷ്ട്രീയ പ്രബുദ്ധതയുളള മനുഷ്യരാണ്. ആരാണ് നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കുന്നതെന്ന് അവർക്കറിയാം. അവരത് തിരിച്ചറിയുകയും എൽ ഡി എഫിനെ തന്നെ അധികാരത്തിൽ കൊണ്ടുവരികയും ചെയ്യും.
അദ്ധ്യാപന ജീവിതത്തിൽ നിന്നും കക്ഷി രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുമൊക്കെ ഇറങ്ങിയിരിക്കുകയാണല്ലോ. ആ അനുഭവം പങ്കുവയ്‌ക്കാമോ?
ഇറങ്ങുന്നുവെന്ന പ്രയോഗത്തോട് എനിക്ക് വിയോജിപ്പുണ്ട്. അദ്ധ്യാപനം വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. തികഞ്ഞ രാഷ്ട്രീയ ബോദ്ധ്യമുളള ഒരു കുടുംബ സാഹചര്യത്തിൽ നിന്നാണ് വളർന്നുവന്നത്. അതിന് അപ്പുറത്തേക്ക് എപ്പോഴും എന്നെ നയിക്കുന്നത് രാഷ്ട്രീയ പ്രതിബദ്ധതയാണ്. അതിന്റെ കൂടെ പൊതുജന പ്രക്രിയയിൽ കൂടുതൽ ഇടപെടാൻ കിട്ടിയ അവസരമാണിത്. എപ്പോഴും മനുഷ്യ പക്ഷത്ത് നിൽക്കണമെന്ന് നല്ല കണിശതയോടെ തന്നെ ചിന്തിക്കുന്ന ജീവിതമാണ് എന്റേത്. അങ്ങനെയുളള ഒരു ഇടത് ബോദ്ധ്യം എപ്പോഴുമുണ്ട്. അത് എഴുത്തിലായലും രാഷ്ട്രീയത്തിലായാലും പാലിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.
വോട്ട് പിടിക്കാൻ ആദ്യമായി ഇറങ്ങിയപ്പോൾ മുതിർന്ന സഹപ്രവർത്തകരുടെ സഹായം തേടിയിരുന്നോ. അതോ ആ പ്രക്രിയയുമായി ഇഴുകി ചേരുകയായിരുന്നോ?
പെട്ടെന്ന് ഇങ്ങനെയൊരു പ്രക്രിയയിലേക്ക് വന്ന ഒരാളാണ് ഞാൻ. മുന്നൊരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു. മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയായിരുന്നു. ഞാൻ ഇനിയും വിരമിച്ചിട്ടില്ല. വിരമിക്കാത്ത അദ്ധ്യാപികയാണ് ഞാൻ. മലയാള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറെന്ന നിലയിലും എം ജി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം എന്ന നിലയിലും പുകസുയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പാർട്ടി എന്നോട് സ്ഥാനാർത്ഥി ആകണമെന്ന് പറയുന്നത്. പാർട്ടി നിർദേശിച്ചാൽ എന്നെ സംബന്ധിച്ച് മറ്റ് കാര്യങ്ങളില്ല. ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ കിട്ടുന്ന അവസരം എന്ന നിലയിൽ സ്ഥാനാർത്ഥിത്വം എനിക്ക് അഭിമാനമാണ്.
ജയിച്ച് കഴിഞ്ഞാൽ അദ്ധ്യാപന ജീവിതം മിസ് ചെയ്യില്ലേ?
മിസ് ചെയ്യുമോയെന്ന് ചോദിച്ചാൽ അദ്ധ്യാപനത്തിന് വേറെയും വഴികളുണ്ടല്ലോ..
വേറൊരു തരത്തിൽ കൗൺസിലർ എന്ന് പറയുന്നത് ഒരു പദവിയൊക്കെ ആണെങ്കിൽ പോലും സാമ്പത്തിക സുരക്ഷിതത്വം ഒട്ടുമില്ലാത്ത ഒരു പദവിയാണ്.
അതിൽ സംശയമില്ല. യു ജി സി ശമ്പളം വാങ്ങുന്ന എന്നെ സംബന്ധിച്ച് ഭീമമായ ഒരു വ്യത്യസത്തിലേക്ക് ആണ് മാറുന്നത്. പക്ഷെ വളരെ ലളിതമായി ജീവിക്കുന്ന ഒരാളാണ് ഞാൻ. ഒരു തരം ആർഭാടത്തിലും ഇതുവരെ ഭ്രമിച്ചിട്ടില്ല. പുതിയ പുസ്‌തകം വാങ്ങുകയെന്ന ആർഭാടം മാത്രമേ ഇതുവരെയുളളൂ. ജീവിതത്തെ സംബന്ധിച്ച് ആശങ്കയില്ല. ജീവിതത്തിന്റെ എല്ലാ ക്രമത്തിലും വ്യത്യാസമുണ്ടാകും. അങ്ങനെ മാത്രമേ അതിനെ കാണുന്നുളളൂ.
പേര് മേയർ സ്ഥാനത്തേക്ക് വരെ ഉയർന്നു കേൾക്കുന്നുണ്ടല്ലോ?
അതൊക്കെ സാങ്കൽപ്പിക ചോദ്യമാണ്. ഞാൻ ഇപ്പോൾ വോട്ട് തേടുന്ന ഒരു സ്ഥാനാർത്ഥിയാണ്. തിരുവനന്തപുരത്തെ നൂറ് വാർഡുകളിലെ ലിസ്റ്റിൽ ഒരു പേരുകാരി മാത്രമാണ് ഞാൻ. എത്ര പ്രഗത്ഭരായ ആളുകൾ ഈ ലിസ്റ്റിലുണ്ട്. നിലവിലുളള മേയർ ശ്രീകുമാർ സഖാവ് മുതലുളളവർ ലിസ്റ്റിലുണ്ട്. ഇത്തവണ വനിത മേയറാണ്. 66 സ്ത്രീകളാണ് എൽ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. ആ 66 പേരും നല്ല യോഗ്യതയുളളവരാണ്. എനിക്ക് മറുപടിയില്ലാത്ത ചോദ്യമാണ് ഇത്.