murder

കാൺപൂര്‍: മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം മണിക്കൂറുകളോളം കിടന്നുറങ്ങി നാൽപ്പത്തിമൂന്നുകാരൻ. തുടര്‍ന്ന് കൊല നടത്തിയ വിവരം ഭാര്യയോട് തുറന്നു പറഞ്ഞു. കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അലങ്കാര്‍ ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ഭാര്യ സരിക, മക്കളായ റുഷാങ്ക്, ഗീതിക, തൂലിക എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.

സര്‍ക്കാര്‍ സ്കൂൾ അദ്ധ്യാപികയാണ് സരിക. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന വിവരം ഇയാള്‍ ഭാര്യയോട് പറഞ്ഞത്.
ഭാര്യ വിവരം ബന്ധുക്കളെ അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ വീട്ടില്‍ എത്തുകയുമായിരുന്നു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ മകനെ കൊലപ്പെടുത്തിയത്. അതിന് ശേഷം ഡ്രോയിംഗ് റൂമില്‍ ഏറെ നേരം ഉറങ്ങിയെന്നും ഇനി മകനെ ആരും ശല്യപ്പെടുത്തില്ലെന്നും അവന്‍ ഇപ്പോള്‍ സ്വസ്ഥമായി ഉറങ്ങുകയാണെന്നും അലങ്കാര്‍ തന്നോട് പറഞ്ഞതായി ഭാര്യ പൊലീസിനോട് പറഞ്ഞു. ലോക്ക്ഡൗണില്‍ ജോലി നഷ്ടമായതിനെ തുടർന്ന് അലങ്കാര്‍ കടുത്ത നിരാശയിലായിരുന്നു. മക്കളെ ഒരുപാട് സ്നേഹിച്ചിരുന്ന അലങ്കാര്‍ അവരുടെ ഭാവി ഓര്‍ത്ത് ഏറെ വിഷമിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അലങ്കാറിനെതിരെ ഐ പി സി 302 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.