''സ്വതന്ത്ര സിനിമകളും കൊമേഴ്സ്യൽ ചിത്രങ്ങളും ചെയ്യണം. ഞാൻ സിനിമയെ ഇഷ്ടപ്പെടുന്ന കലാകാരനാണ്. അതുകൊണ്ട് തന്നെ എല്ലാത്തരത്തിലുള്ള പ്രേക്ഷകനു വേണ്ടിയും സിനിമ ചെയ്യാൻ കഴിയണം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്ന സ്വാർത്ഥതയുടെ പുറത്താണ് ചെയ്ത നാലു സിനിമകളും നാലു ജോണറിൽ തന്നെ ഞാൻ ഒരുക്കിയത്. ""
ആദ്യസിനിമയായ 'ഒറ്റമുറിവെളിച്ചത്തി" ലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയാണ് രാഹുൽ റിജി നായർ മലയാള സിനിമയിലേക്ക് നടന്നു കയറുന്നത്. 2017 ൽ ഒറ്റമുറിവെളിച്ചം, അടുത്ത വർഷം കോമഡി ചിത്രമായ 'ഡാകിനി", പിന്നീട് ഒരുക്കിയ 'കള്ളനോട്ട" മാകട്ടെ തികച്ചും പരീക്ഷണ ചിത്രം. ലോക്ക്ഡൗണിൽ ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കിയ രജിഷാ വിജയൻ നായികയാകുന്ന ബിഗ് ബജറ്റ് സ്പോർട്സ് മൂവി 'ഖൊ ഖോ"യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണിപ്പോൾ രാഹുൽ. വ്യത്യസ്തമായ നാലു സിനിമകൾ ഒരുക്കിയ രാഹുൽ തന്റെ സിനിമകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുന്നു.
രജിഷയും പതിനഞ്ച് കുട്ടികളും
വലിയ കാൻവാസിൽ ഒരുങ്ങുന്ന വലിയ പടമാണ് 'ഖൊ ഖൊ". സ്പോർട്സ് ഡ്രാമ എന്നും പറയാം. പേരിലെ സൂചനെ പോലെ ഇന്ത്യയിലെ പരമ്പരാഗതമായ ഖൊ ഖൊ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ. ഒരു തുരുത്തിലെ സ്കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാൻസിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളർത്തിയെടുക്കുന്ന കഥയാണ്. രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തിൽ, ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്. ഖൊ ഖൊ കളിക്കുന്ന അവരെയെല്ലാം ഓഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്. വെട്ടുക്കിളി പ്രകാശ്,വെങ്കിടേഷ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൊല്ലത്തായിരുന്നു ചിത്രീകരണം. മറിയ ഫ്രാൻസിസിന്റെ മൂന്ന് ലുക്കിലാണ് രജിഷ സിനിമയിലെത്തുന്നത്. അവർ എക്സ് ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റാണ്. ആ ലുക്കാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.
കാമറയായിരുന്നു ഹീറോ
'കള്ളനോട്ടം" എന്ന സിനിമ തികച്ചും പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തതാണെന്ന് പറയാം. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത സ്ക്രീൻ ലൈഫ് ഫോർമാറ്റിലാണ് ഈ ചിത്രം ഒരുക്കിയത്. സാമ്പ്രദായിക ഛായാഗ്രഹണത്തിന്റെ വ്യാകരണ സമ്പ്രദായത്തിൽ നിന്നുള്ള പൊളിച്ചെഴുത്തായിരുന്നു ഈ സിനിമ എന്നും പറയാം. ഗോ പ്രൊ കാമറയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ ചിത്രമായിരിക്കും ഇത്. ഒരു കാമറയാണ് കള്ളനോട്ടത്തിലെ ഹീറോ. ചെറിയ കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങുന്ന നിഷ്കളങ്കമായ ചില വികൃതികൾ മുതിർന്നവരിലേക്ക് എത്തുമ്പോൾ ഈ ലോകത്തിന്റെ ചില കാപട്യങ്ങളിലേക്കാണ് കാമറ സഞ്ചരിക്കുന്നത്. സദാചാര വിഷയങ്ങളും അതേ പോലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുമെല്ലാം ഈ ചിത്രം സംസാരിക്കുന്നു. ടോബിൻ തോമസാണ് കാമറ കൈകാര്യം ചെയ്തത്. ദൃശ്യ ഭാഷയിൽ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയാൽ അത് പ്രേക്ഷകർ സ്വീകരിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ഫെസ്റ്റിവൽ ചിത്രമായാണ് ഇത് ഒരുക്കിയത്. അതുകൊണ്ട് തിയേറ്റർ റിലീസ് ഉണ്ടാവില്ല. പക്ഷേ ഒ.ടി.ടി യിൽ റിലീസ് ചെയ്യുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ട്. 'സീ യൂ സൂൺ" പോലുള്ള ഒ.ടി.ടി ചിത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുത്തല്ലോ. അമേരിക്കയിലും യൂറോപ്പിലുമെല്ലാം 'കള്ളനോട്ടം" പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചത് കഴിഞ്ഞ മാസം നടന്ന കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു.
'ഡാകിനി" നോബ്രെയിൻ കോമഡി
'ഡാകിനി" സിനിമയുടെ കഥ എഴുതുമ്പോൾ 'ഒറ്റമുറി വെളിച്ച" ത്തിന്റെ ഒരു അടയാളവും ഉണ്ടാവരുതെന്ന് നിർബന്ധമായിരുന്നു. തമാശകഥകളെല്ലാം വായിച്ചു ചിരിക്കുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത്തരം ഒരു കഥ സിനിമയുടെ രൂപത്തിൽ വന്നാൽ പ്രേക്ഷകർക്ക് അത് ആസ്വദിക്കാൻ സാധിക്കുമോ എന്ന്. അങ്ങനെ ഒരു ചിന്തയിൽ നിന്നാണ് ഡാകിനി സംഭവിച്ചത്. നാലു അമ്മമാരെ വച്ച് നോ ബ്രെയിൻ കോമഡി പോലത്തെ ഒരു സിനിമയായിരുന്നു ഒരുക്കിയത്. കുറേപേർക്കത് ഇഷ്ടപ്പെട്ടു. അജു വർഗീസ് , സേതുലക്ഷ്മി, സാവിത്രി ശ്രീധരൻ, പൗളി വത്സൺ, ചെമ്പൻ വിനോദ് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചത്.
സുധയുടെ അതിജീവനം
ഏഴെട്ടു വർഷത്തെ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണ് 'ഒറ്റമുറിവെളിച്ചം" . ആദ്യ സിനിമ വലിയ പടമാകണമെന്ന് എല്ലാവരെയും പോലെ സ്വപ്നം കണ്ടിരുന്ന ഒരാളാണ് ഞാനും. ആ ശ്രമങ്ങളുടെ ഭാഗമായി ഒരുപാട് കഥകൾ കേട്ടു, ഒരുപാട് നിർമാതാക്കളുമായും പ്രൊഡക്ഷൻ കമ്പനികളുമായും വിശദമായി ചർച്ചകളും നടത്തി. താരങ്ങളുടെ ഡേറ്റുകൾ കിട്ടാനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. സിനിമാമേഖലയിലെ തുടക്കക്കാരനായ എനിക്ക് പലപ്പോഴും നിർമ്മാതാക്കളെ ബോദ്ധ്യപ്പെടുത്താൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതെല്ലാം വിഷമമുണ്ടാക്കിയെങ്കിലും ഒരിക്കലും തളർന്നില്ല. മുക്ക് സംസാരിക്കാൻ കഴിയുന്ന വിഷയം ചെറിയ ബഡ്ജറ്റിൽ ചെറിയ സിനിമയായി ഒരുക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്. അന്ന് കൃത്യമായ ധാരണയും ഉണ്ടായിരുന്നില്ല. നമുക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യാമെന്ന് മാത്രമായിരുന്നു മനസിൽ ഉണ്ടായിരുന്നത്. ആ സിനിമ അന്തർദ്ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപെടുമെന്നോ, അതിലെ അഭിനയത്തിന് വിനീത കോശിയ്ക്ക് സംസ്ഥാന പുരസ്കാരം കിട്ടുമെന്നോ ഉള്ള ചിന്തകളൊന്നും തന്നെ അന്നില്ല. ആ സിനിമ ഡാർക്ക് സർവൈവർ ത്രില്ലറായിരുന്നു. സുധ എന്ന പെൺകുട്ടിയുടെ അതിജീവത്തിന്റെ നേർക്കാഴ്ചയാണ് ഒറ്റമുറിവെളിച്ചം. മാരിറ്റൽ റേപ്പിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ആ സിനിമ തിയേറ്ററിൽ റിലീസ് ചെയ്തില്ല എന്നതിൽ വിഷമം തോന്നിയില്ല. ഒരുപാട് ഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റികളിൽ ഇപ്പോഴും ആ സിനിമ സ്ക്രീൻ ചെയ്ത് വരുന്നുണ്ട്. അതേ പോലെ ഓൺലൈൻ പ്ലാറ്റുഫോമുകളിലെല്ലാം ചിത്രമുണ്ട്. ഒരിക്കൽ ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ ഫ്ളൈറ്റിൽ ഒറ്റമുറി വെളിച്ചം സ്ക്രീൻ ചെയ്തിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു, അതു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി.ഒരു ചെറിയ സിനിമയ്ക്ക് എത്തിപ്പെടാൻ പറ്റുന്നതിന്റെ പരമാവധി ആ സിനിമ സഞ്ചരിച്ചിട്ടുണ്ട്.
അഭയാർത്ഥികൾക്ക് വേണ്ടി ആദ്യസിനിമ
ഞാൻ ആദ്യമായി 'ഹ്യൂമൻ ബൗണ്ടറിസ്" എന്ന ഡോക്യൂമെന്ററി ചെയ്യുന്നത് 2011 -2012 കാലഘട്ടത്തിലാണ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ എന്നതിനപ്പുറം ഒരു കൂട്ടം അഭയാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് ആ ഡോക്യുമെന്ററിയിൽ എത്തിയത്. അതു ചെയ്യുമ്പോഴും സിനിമയോ സംവിധാനമോ മനസിലില്ല. സ്കൂൾ, കോളേജ് പഠനകാലത്ത് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും സിനിമാമോഹമല്ലായിരുന്നു. 'ഹ്യൂമൻ ബൗണ്ടറീസ്" ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് സിനിമയെ കുറിച്ച് പഠിക്കാമെന്ന് വിചാരിക്കുന്നത്. അതിനു വേണ്ടി ഷോർട്ട് ഫിലിമുകളും മ്യൂസിക് ആൽബങ്ങളും ചെയ്തു. സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് സുഹൃത്തുക്കൾ ജീവിതത്തിൽ വന്നത് സിനിമയുമായി കൂടുതൽ അടുക്കുന്നതിന് കാരണമായി. അങ്ങനെയാണ് സോഫ്റ്റ് വെയറായ ഞാൻ സിനിമയെ കരിയറാക്കാമെന്ന തീരുമാനത്തിലെത്തിയത്. സിനിമയുടെ സാങ്കേതിക കാര്യങ്ങളൊക്കെ യൂട്യൂബിൽ നോക്കിയാണ് പഠിച്ചത്. ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന നിത്യ വിജയനാണ് ഭാര്യ. ഞങ്ങളിപ്പോൾ കൊച്ചിയിലാണ് താമസം. അച്ഛൻ ഡോ.റിജി നായർ, അമ്മ രാജശ്രീ, അനുജത്തി ജാനകി പി എച്ച്.ഡി ചെയ്യുന്നു.