'ഇലപൊഴിയും ശിശിരത്തിൽ "പാട്ടിലെ ജോടികൾ പ്രിൻസ് വൈദ്യനും രശ്മി കൈലാസും33 വർഷത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ
അന്നൊരു വെള്ളിയാഴ്ച.1987 ജൂൺ 11.കൊല്ലം ഗ്രാന്റ് തിയേറ്ററിൽ....
'വർഷങ്ങൾ പോയതറിയാതെ" സിനിമ വീട്ടുകാർക്കൊപ്പം ആ ചിത്രത്തിലെ പുതുമുഖ നായികയായ രശ്മി കൈലാസ് കാണുകയാണ്. ആസമയത്ത് തിരുവനന്തപുരം നഗരത്തിലെ തിയേറ്റിൽ പുതുമുഖ നായകൻ പ്രിൻസ് വൈദ്യനും സംവിധായകൻ മോഹൻരൂപും നിർമ്മാതാവ് ആൽത്തറയ്ക്കൽ രവിയും ആദ്യ പ്രദർ ശനം കാണാൻ കയറി.'ഇലപൊഴിയും ശിശിരത്തിൽ" ഗാനം സ്ക്രീനിൽ തെളിഞ്ഞു.അന്ന് മലയാളി ഏറ്റെടുത്ത ആ പാട്ട് എക്കാലത്തെയും മികച്ച വിരഹഗാനമായി തുടരുകയാണ്. യേശുദാസ് ആണ് ഗാനംആലപിച്ചത് . ആദ്യ സിനിമ കഴിഞ്ഞതോടെ രശ്മി കൈലാസ് വെളളിത്തിരയോടുത്തന്നെ വിട പറഞ്ഞു. പ്രിൻസ് വൈദ്യനും രശ്മി കൈലാസും പിന്നീട് നേരിട്ടു കണ്ടില്ല. ജീവിതയാത്രയിലെ പലവഴികളിലൂടെ സഞ്ചരിച്ചു.എന്നാൽ 33വർഷം പിന്നിട്ടപ്പോൾ അപ്രതീക്ഷിതം പോലെ രണ്ടുപേരുടെയും ഒത്തുച്ചേരൽ .
പ്രിൻസ് : അന്ന് എനിക്ക് ഇരുപത്തിനാലു വയസാണ്. വിദേശത്ത് ജ്യേഷ്ഠന്റെ ബിസിനസ് നോക്കി നടത്തുന്നതിനിടെ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് അഭിനയിച്ചത്.അതിനുമുൻപ് അമ്പലക്കര പഞ്ചായത്ത് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.
രശ്മി: എനിക്ക് അന്ന് പതിനാലു വയസ് . അഭിനയം എന്തെന്ന് അറിയാത്ത പ്രായം. സിനിമ വിജയിച്ചില്ല. പാട്ട് ഹിറ്റാകുകയും ചെയ്തു. ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് അച്ഛനു വലിയ ആഗ്രഹമായിരുന്നു.വീണ്ടും അഭിനയിക്കാൻ അവസരം വന്നെങ്കിലും താത്പര്യം തോന്നിയില്ല.
പ്രിൻസ്: എന്നെ ഇന്ന് ആളുകൾക്കിടയിൽ അറിയിക്കുന്നതിൽ ഇലപൊഴിയും ശിശിരത്തിൽ ഗാനം വലിയ പങ്കുവഹിക്കുന്നുണ്ട്. ദാസേട്ടൻ പാടിയ പാട്ടിൽ അഭിനയിച്ച നായകനടൻ. കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻകുട്ടി സാറാണ് പാട്ട് എഴുതിയത്. സംഗീതം ഒരുക്കിയത് മോഹൻസിത്താര.
രശ്മി: ദാസേട്ടൻ പാടിയ പാട്ടിൽ അഭിനയിച്ചതിന്റെ മൂല്യം അന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മനോഹരമായ ആ പാട്ട് തന്ന പ്രശസ്തിയിൽ ആളുകൾ ഓർക്കുന്നു. ഇലപൊഴിയും ശിശിരം ആണ് എന്റെ മക്കൾക്ക് ഇഷ്ടപ്പെട്ട പാട്ട്. 33 വർഷം കഴിഞ്ഞു ഒരു അഭിമുഖത്തിന്റെ ഭാഗമാവാൻ ആ പാട്ട് വഴിയൊരുക്കിയതിൽ ഏറെ സന്തോഷമുണ്ട്.
പ്രിൻസ് : ബോംബേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചശേഷമാണ് വന്നത്. അവിടത്തെ നാടക രംഗവുമായി സജീവമായി സഹകരിച്ചു.നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അഭിനയം നിറുത്താൻ ജ്യേഷ്ഠൻ ഉപദേശിച്ചപ്പോൾ അനുസരിച്ചു. ജ്യേഷ്ഠനെ ധിക്കരിച്ച് ചാൻസ് ചോദിച്ചു പോവാൻ കഴിയാത്ത സാഹചര്യം. പാരമ്പര്യമായി ബിസിനസ് കുടുംബം.
രശ്മി: അഭിനയം വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാമെന്ന് അച്ഛനും അമ്മയും പറഞ്ഞു. ആലപ്പുഴ ജില്ലാ കലാതിലകമായിരുന്നു. സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. അന്നും ഇന്നും അഭിനയത്തേക്കാൾ ഇഷ്ടം നൃത്തം ആണ് .നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.
പ്രിൻസ് : ജ്യേഷ്ഠന്റെ കമ്പനിയുടെ കൂടുതൽ ചുമതല വൈകാതെ ഏറ്റെടുക്കേണ്ടി വന്നു. അഭിനയമോഹം മറന്നു. പിന്നീട് വിവാഹം. കുട്ടികൾ. ഉത്തരവാദിത്വങ്ങൾ ഏറി. സിനിമ എന്നിൽ നിന്ന് ഒരുപാട് അകലെയാവുകയും ചെയ്തു.
രശ്മി : വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരിക്കലും ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ല.
പ്രിൻസ് : ഞാനും പ്രതീക്ഷിച്ചില്ല. മുംബയിൽ കാശ്മീർ ടു കേരള ഫൗണ്ടേഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കലാരംഗത്ത് സജീവമായുണ്ട്.മൂന്നാലു സിനിമകളിൽ നിന്ന് അവസരം വന്നിട്ടുണ്ട്. നല്ല കഥാപാത്രം ലഭിച്ചാൽ ബിസിനസിനൊപ്പം സിനിമയും കൊണ്ടുപോവാനാണ് ആഗ്രഹം.
രശ്മി : യദുകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഭഗവദ്ദജ്ജുകം എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല കഥാപാത്രം ലഭിച്ചാൽ അഭിനയിക്കും.
പ്രിൻസ്: വർഷങ്ങൾ പോയതറിഞ്ഞില്ല.
രശ്മി: കാലം ഒരുപാട് മാറ്റം വരുത്തി.
കൊല്ലം തേവലക്കര ആണ് പ്രിൻസ് വൈദ്യന്റെ നാട് . മുംബയ് യിൽ സ്ഥിരതാമസം. ഭാര്യ ഷീല.മൂത്ത മകൾ പ്രതിഭ യൂബർ ടെക് നോളജിയിൽ ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ. ഇളയമകൾ പ്രവീണ യു കെയിൽ എം ബി എ വിദ്യാർത്ഥി. കായംകുളം ആണ് രശ്മി കൈലാസിന്റെ നാട്. ഭർത്താവ് ഹരികുമാർ ബിസിനസ് ചെയ്യുന്നു. മകൻ അദ്വൈത് അയർലന്റിൽ ഉപരി പഠനത്തിനുള്ള ഒരുക്കത്തിൽ. മകൾ ദേവനന്ദ ഡോക്ടർ ഒാഫ് ഫാർമസി വിദ്യാർത്ഥി.