ന്യൂഡൽഹി : മരിച്ചു പോയ അച്ഛന്റെ ഇൻഷ്വറൻസ് തുകയടക്കം വിനിയോഗിച്ച് ഐ.പി.എൽ പന്തയത്തിലേർപ്പെട്ടതിനെ വിലക്കിയ അമ്മയേയും സഹോദരിയേയും ഭക്ഷണത്തിൽ വിഷം കലർത്തി കൊടുത്ത് കൊന്ന് യുവാവ്. സായ്‌നാഥ് റെഡ്ഡി എന്ന യുവാവാണ് അറസ്റ്റിലായത്.
മെഡ്ചൽ ജില്ലയിലെ റവാൽകോൽ സ്വദേശിയായ സായ്‌നാഥിന്റെ പിതാവ് പ്രഭാകർ മൂന്ന് വർഷം മുമ്പ് ഒരു റോഡപടകത്തിൽ മരിച്ചിരുന്നു. പ്രഭാകറിന്റെ മരണ ശേഷം അമ്മ സുനിത, സഹോദരി അനുഷ എന്നിവരോടൊപ്പമാണ് സായ്‌നാഥ് താമസിച്ചിരുന്നത്. പ്രഭാകറിന്റെ ഇൻഷ്വറൻസ് തുകയായ 20 ലക്ഷവും ഭൂമി വിറ്റ് കിട്ടിയ പണവും കുടുംബം ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
എന്നാൽ ഐ.പി.എൽ പന്തയത്തിനടിമയായിരുന്ന സായ്‌നാഥ് കൈയ്യിലുണ്ടായിരുന്ന പണമെല്ലാം പന്തം വച്ച് നഷ്ടപ്പെടുത്തി. നഷ്ടം നികത്താനായി ബാങ്കിലുണ്ടായിരുന്ന പണം പിൻവലിക്കാൻ സായ്‌നാഥ് തീരുമാനിച്ചു. അമ്മയറിയാതെ അമ്മയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സായ്‌നാഥ് അത് വിൽക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞതോടെ പന്തയം നിറുത്തണമെന്ന് പറഞ്ഞ് സുനിതയും അനുഷയും സായ്‌നാഥുമായി തർക്കത്തിലേർപ്പെട്ടു.
തുടർന്ന്, നവംബർ 23ന് സുനിതയ്ക്കും അനുഷയ്ക്കുമുള്ള ആഹാരത്തിൽ വിഷം കലർത്തിയ ശേഷം സായ്‌നാഥ് ജോലിക്കു പോവുകയായിരുന്നു. വിഷം കലർത്തിയ ആഹാരം സുനിതയും അനുഷയും ഉച്ചയ്ക്ക് കഴിക്കുകയും അവശനിലയിലാവുകയും ചെയ്തു.
ഭക്ഷണം കഴിച്ചുടൻ ഇരുവർക്കും വയറുവേദന അനുഭവപ്പെടുകയായിരുന്നു. സായ്‌നാഥ് ആണ് ഇത് ചെയ്തതെന്ന് അറിയാതെ ഇരുവരും സായ്‌നാഥിനെ ഫോൺ ചെയ്യുകയും വീട്ടിൽ നിന്നുകൊണ്ടു പോയ ഭക്ഷണം കഴിക്കരുതെന്ന് പറയുകയും ചെയ്തു.
സായ്‌നാഥ് വീട്ടിലെത്തിയെങ്കിലും സുനിതയേയും അനുഷയേയും അബോധാവസ്ഥയിലായ ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത്. സുനിത നവംബർ 27നും അനുഷ നവംബർ 28നും മരിച്ചു. ഇരുവരുടെയും സംസ്കാരച്ചടങ്ങുകൾക്ക് ശേഷം താനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് സായ്‌നാഥ് തന്നെ ബന്ധുക്കളോട് പറയുകയായിരുന്നു. ഇവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സായ്‌നാഥ് അറസ്റ്റിലായത്.