മുംബയ്: ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ബാബാ ആംതേയുടെ കൊച്ചുമകളും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ശീതൾ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചന്ദ്രപൂർ ജില്ലയിലെ വരോറയിലെ സ്വവസതിയായ ആനന്ദ്‌വനിലാണ് അവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബാ ആംതേയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശീതളിന് വിഷാദരോഗമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പൊതുജനാരോഗ്യ വിദഗ്ദ്ധ, ഭിന്നശേഷി വിദഗ്ദ്ധ, സാമൂഹിക സംരംഭക എന്നീ രംഗങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു ശീതൾ. ഭർത്താവും മകനുമുണ്ട്.
കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുന്നയിച്ചുകൊണ്ട് ശീതൾ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂറുകൾക്കം അത് പിൻവലിച്ചു. 1949ലാണ് ബാബാ ആംതെ മഹാരോഗി സേവാസമിതി സ്ഥാപിച്ചത്. കോടിക്കണക്കിനാളുകൾ ഈ സംഘടനയെ ആശ്രയിക്കുന്നുവെന്നാണ് വിവരം.