മുക്കം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം വിജയം നേടാൻ പലതന്ത്രങ്ങളും പ്രയോഗിക്കും. ആകർഷകമായ പടങ്ങൾ നോട്ടീസിലും പോസ്റ്ററിലും ബാനറിലും ബോർഡിലുമെല്ലാം പ്രദർശിപ്പിക്കും. ആളറിയാത്ത ചില സ്ഥാനാർത്ഥികളാകട്ടെ കൂടെ ഭർത്താവിന്റെയും നേതാക്കളുടെ പടവും പ്രദർശിപ്പിക്കും.എന്നാൽ ഈ പതിവു ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കൊടിയത്തൂർ പഞ്ചായത്ത് രണ്ടാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ആയിഷ ഭായ്.
തന്റെ പടത്തിനു പകരം വാർഡിൽ കഴിഞ്ഞ അഞ്ചു വർഷം പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ, പൂർത്തിയാക്കിയ വാഗ്ദാനങ്ങൾ അടങ്ങിയ ബോർഡുകളാണ് പ്രദർശിപ്പിക്കുന്നത്. ഓരോ പ്രദേശത്തും നടത്തിയ വികസന പ്രവർത്തനങ്ങൾ, നിർമ്മിച്ചതോ നവീകരിച്ചതോ ആയ റോഡുകൾ എല്ലാം ഫോട്ടോ എടുത്ത് അവിടെ തന്നെ പ്രദർശിപ്പിക്കുന്നു. അതോടെ പ്രചരണം എളുപ്പമായി.
രണ്ടാം വാർഡിലെ ഏതാണ്ടെല്ലാ റോഡുകളിലും കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തനങ്ങളൂടെ ഫോട്ടോ കാണാം. സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ലയായിരുന്നു ഈ വാർഡിന്റെ പ്രതിനിധി. ഈ വികസനത്തിന്റെ തുടർച്ചയ്ക്കാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ആയിഷഭായ് പറയുന്നു. ഏതായാലും ഈ പ്രചരണ ശൈലി ഇതിനകം നാട്ടുകാരിൽ കൗതുകമുണർത്തി കഴിഞ്ഞു.