തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡ് വിഷയത്തിൽ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാദ്ധ്യമങ്ങളിൽ കെ.എസ്.എഫ്.ഇയിലെ പോരായ്‌മകളെ കുറിച്ച് വന്ന കാര്യങ്ങൾ പരിശോധിക്കും.ക്രമക്കേടുണ്ടെങ്കിൽ അവ തിരുത്തുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. വിവരങ്ങൾ ചോർന്നതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് നോക്കട്ടെയെന്നും ധനമന്ത്രി പ്രതികരിച്ചു.
വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ചകൾ കെ.എസ്.എഫ്.ഇ ശാഖകളിലില്ലെന്നും നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമാണ് കണ്ടെത്താനായതെന്നും കെ.എസ്.എഫ്.ഇ അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് താൻ കണ്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ചട്ടപ്രകാരമല്ലാതെ പെട്ടെന്നുളള റെയ്‌ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് കെ.എസ്.എഫ്.ഇ ഡയറക്‌ടർ ബോർഡ് യോഗത്തിൽ ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിജിലൻസ് സംഘം മോശമായി പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും കെ.എസ്.എഫ്.ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഇയിൽ റെയ്‌ഡ് നടത്താമെന്നും എന്നാൽ അത് അധികൃതരെ അറിയിച്ച ശേഷമാകണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം 'ഓപ്പറേഷൻ ബച്ചത്ത്' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം കെ.എസ്.എഫ്.ഇ അധികൃതർ നിഷേധിച്ചു. കെ.എസ്.എഫ്.ഇ തന്നെ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് വിജിലൻസ് റെയ്ഡ് നടത്തി കണ്ടെത്തിയ ക്രമക്കേടുകളെ നിഷേധിച്ചത്. വിജിലൻസ് റെയ്‌ഡ് നടന്നയിടങ്ങളിൽ കെ.എസ്.എഫ്.ഇ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരിടത്ത് പോലും ക്രമക്കേട് കണ്ടെത്താനായില്ല എന്ന് അധികൃതർ അറിയിച്ചു.