african-crested-rat

ലോസ്ആഞ്ചലസ് : കണ്ണിൽക്കണ്ട ഭക്ഷണ പദാർത്ഥങ്ങൾ എടുത്തുകൊണ്ട് ഓടുന്ന നമ്മുടെ നാട്ടിലെ പാവം എലികളല്ല ഇക്കൂട്ടർ. ഭീകരൻമാർ ആണ് കൊടും ഭീകരൻമാർ. അയ്യോ, ഈ ഇത്തിരിക്കുഞ്ഞൻമാരോ എന്ന് ആലോചിച്ച് അത്ഭുതപ്പെടേണ്ട. വേണ്ടി വന്നാൽ ഒരാനയെ പോലും കൊല്ലാൻ ശേഷിയുണ്ട് ഇവയ്ക്ക്. എലികളുടെ ലോകത്തെ ഒരേയൊരു ' പ്രഫഷണൽ കില്ലർ ' ആണ് ഇവ.

ആഫ്രിക്കൻ ക്രെസ്‌റ്റഡ് റാറ്റ് ( African Crested Rat ) എന്നാണ് ഇവയുടെ പേര്. വിഷമുള്ള മരങ്ങളുടെ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന വിഷം സ്വന്തം ശരീരത്തിലെ രോമത്തിൽ സൂക്ഷിക്കുന്നതാണ് ഇവയുടെ ഹോബി. കാട്ടിലെ ഏതെങ്കിലും ജീവി ഇവയെ പിടികൂടാൻ നോക്കിയാൽ പണി പാളും. കാരണം രോമങ്ങളിലെ വിഷം തന്നെ. ഒരു നായ ഇവയെ ആക്രമിക്കുകയാണെങ്കിൽ കുറച്ച് നേരത്തിനുള്ളിൽ തന്നെ നായ അവശനിലയിലാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.

സാധാരണ എലികളിൽ നിന്നും വ്യത്യസ്തമായി വലിപ്പം കൂടുതലും രൂപത്തിൽ വ്യത്യാസവുമുണ്ട് ഇവയ്ക്ക്. വലിയ മൃദുരോമങ്ങളാൽ ശരീരം മൂടപ്പെട്ട നിലയിലാണ്. അപായ ഭീഷണി മുന്നിൽ കണ്ടാൽ ഇവയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും നിറത്തോട് കൂടിയ രോമങ്ങൾ ജ്വലിച്ചു നിൽക്കുന്നത് കാണാം.

പോയിസൺ ആരോ ട്രീ എന്നറിയപ്പെടുന്ന മരത്തിന്റെ തൊലിയാണ് ഇക്കൂട്ടരുടെ ആയുധം. മരത്തിന്റെ തൊലി ചവച്ച് തങ്ങളുടെ ഉമിനീരുമായി കലർത്തുന്നു. ശേഷം ഈ മിശ്രിതം തങ്ങളുടെ രോമങ്ങളിലേക്ക് പൂശുന്നു. ഇവയുടെ പ്രത്യേക രോമങ്ങൾക്ക് ഈ വിഷ മിശ്രിതത്തെ ആഗിരണം ചെയ്ത് സംഭരിച്ച് വയ്ക്കാനുള്ള ശേഷിയുണ്ട്. ഈ വിചിത്രം സ്വഭാവം ജന്തുലോകത്ത് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നാണ് ഗവേഷകർ പറയുന്നത്.