election

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റല്‍ വോട്ടിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കൊവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് തന്നെ ഇതിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കും. കൊവിഡ് രോഗികളുടെയും ക്വാറന്റീനിലുള്ളവരുടെയും പട്ടിക തയ്യാറാക്കും.ആരോഗ്യ വകുപ്പ് നൽകുന്ന പട്ടികയിൽ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി വാങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇതുവരെ 24621 സ്പെഷ്യല്‍ തപാൽ വോട്ടർമാരാണുള്ളത്. ഇതിൽ 8568 പേർ രോഗബാധിതരും 15053 പേർ നിരീക്ഷണത്തിൽ കഴിയുന്നവരുമാണ്. ഏജന്റെമാർ ആവശ്യപ്പെട്ടാൽ പി പി ഇ കിറ്റ് ധരിച്ച് വരുന്ന വോട്ടർമാർ മുഖാവരണം മാറ്റി കാണിക്കണമെന്നും കമ്മീഷൻ പറഞ്ഞു.