moto-5g

4ജി കണക്ടിവിറ്റിയോട് ഗുഡ് ബൈ പറഞ്ഞ് ടെലികമ്മ്യുണിക്കേഷന്‍ ലോകം ഇന്ന് 5ജി നെറ്റ് വര്‍ക്കിന്റെ പടി വാതില്‍ക്കല്‍ ആണ്. മാറ്റത്തിന് മുന്നോടിയായി അടുത്തിടെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ 5ജി ഫോണുകള്‍ ലോഞ്ച് ചെയ്തു തുടങ്ങിയത്. വിലക്കൂടുതലുള്ള പ്രീമിയം 5ജി ഫോണുകളാണ് ആദ്യമെത്തിയതെങ്കിലും ഇപ്പോള്‍ വിലക്കുറവുള്ള ഫോണുകളും എത്തിത്തുടങ്ങി. ഇക്കൂട്ടത്തിലേക്കുള്ള പുത്തന്‍ താരമാണ് മോട്ടോ ജി 5ജി.

ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആയാണ് മോട്ടോ ജി 5ജിയെ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മോട്ടോ ജി 5ജിയ്ക്ക് 20,999 രൂപയാണ് വില. 24,999 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ആയിരുന്നു ഇതുവരെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍.

ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട് വഴി ഡിസംബര്‍ 7നാണ് മോട്ടോ ജി 5ജിയുടെ വില്പന ആരംഭിക്കുക. വോള്‍ക്കാനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന മോട്ടോ ജി 5ജി ഫോണ്‍ എച്ച്.ഡി.എഫ്‌.സി ബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുകയാണെങ്കില്‍ 1000 രൂപയുടെ ക്യാഷ്ബാക്ക്മുണ്ട്.


മോട്ടോ ജി 5ജി

ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 394 പി.പി.ഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 6.7 ഇഞ്ച് (1,080x2,400 പിക്സല്‍) എല്‍.ടി.പി.എസ് ഡിസ്പ്ലേയാണ് മോട്ടോ ജി 5ജിയ്ക്ക്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750 ജി പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ ജി 5ജി പ്രവര്‍ത്തിക്കുന്നത്. 128 ജിബി ഓണ്‍ബോര്‍ഡ് മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.


48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും (F/1.7 അപ്പേര്‍ച്ചര്‍) 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി വൈഡ് ആംഗിള്‍ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിന്. F/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ ആണ് മൂന്നാമത് ക്യാമറ. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി F/2.2 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ ക്യാമറ ഫോണിന്റെ മുന്‍വശത്ത് ക്രമീകരിച്ചിട്ടുണ്ട്.

20W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. ഒരു ഫുള്‍ ചാര്‍ജില്‍ രണ്ട് ദിവസം വരെ പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ഈ ബാറ്ററി നല്‍കും എന്ന് മോട്ടറോള അവകാശപ്പെടുന്നു. 5ജി, എന്‍.എഫ്.സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യു.എസ്.ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.