എല്ലാ പുഷ്പങ്ങളേയും
കശക്കിയെറിയാൻ
നിങ്ങൾക്ക് സാധിച്ചേക്കാം,
പക്ഷേ വസന്തത്തിന്റെ
വരവിനെ തടയുവാൻ
നിങ്ങൾക്കാകില്ല -
നെരൂദയുടെ ഈ വരികൾ ഫുട്ബാൾ മൈതാനത്തേക്ക് പറിച്ചു നട്ടാൽ പെട്ടെന്ന് തെളിഞ്ഞു വരുന്ന ചിത്രം 2002 ലോകകപ്പിലെ സെനഗലാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് അത്ലാന്റിക് സമുദ്രത്തോട് ചേർന്ന് സെനഗൽ എന്നൊരു രാജ്യമുണ്ടെന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പലരും അറിയുന്നത് തന്നെ 2002ലെ ഫുട്ബാൾ ലോകകപ്പിലേക്ക് അവർ യോഗ്യത നേടിയപ്പോഴാണ്.
അതുവരെ നൈജീരിയയും കാമറൂണും മൊറാക്കോയും ഈജിപ്തും ടുണീഷ്യയും ഒക്കെയായിരുന്നു ലോകഫുട്ബാളിൽ ആഫ്രിക്കയുടെ മേൽവിലാസങ്ങൾ.
ലോക ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ഉറുഗ്വെയും യൂറോപ്യൻ വമ്പൻമാരായ ഡെൻമാർക്കും അണിനിരക്കുന്ന ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട സെനഗലിന് നൂറിൽ ഒരു ശതമാനം പോലും ആരും സാധ്യത കല്പിച്ചിരുന്നില്ലെന്നതാണ് സത്യം. ലോകകപ്പും യൂറോ കപ്പും നേടി നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സാക്ഷാൽ തിയറി ഹെൻറിയും ഡേവിഡ് ട്രെസഗേയും പാട്രിക്ക് വിയേരയും ലിലിയൻ ടുറാമും ബാർത്തേസുമെല്ലാം അണിനിരക്കുന്ന ഫ്രാൻസ് ഉദ്ഘാടന മത്സരത്തിൽ എത്ര ഗോളിന് സെനഗലിനെ കശക്കിയെറിയുമെന്നേ എല്ലാവർക്കും അറിയേണ്ടതുണ്ടായിരുന്നുള്ളൂ. പരിക്കേറ്റ ഇതിഹാസ താരം സിനദിൻ സിദാൻ സെനഗലിനെതിരെ കളിച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന് ഫ്രാൻസ് കണക്കൂട്ടി അദ്ദേഹത്തിന് വിശ്രമം നൽകി.
എന്നാൽ കിക്കോഫിന് ശേഷം സംഭവിച്ചത് ചരിത്രമാണ്. ഫ്രാൻസിന്റെ ലോകോത്തര താരങ്ങുളുടെ മുന്നേറ്റങ്ങളെ ഒത്തിണക്കത്തോടെ സെനഗൽ കോട്ട കെട്ടിത്തടഞ്ഞു. വീണുകിട്ടിയ നിമിഷങ്ങളിൽ എൽഹാദ് ജി ദിയൂഫിന്റെ നേതൃത്വത്തിൽ ചിലമുന്നേറ്റങ്ങൾ. മുപ്പതാം മിനിറ്റിൽ അതിവേഗമുള്ള കൗണ്ടർ അറ്റാക്കിൽ ദിയൂഫ് ഇടതുവിംഗിൽ നിന്ന് നീട്ടി നൽകിയ പന്ത് ഫ്രാൻസ് ഗോൾ മുഖത്തേക്ക് ഓടിയെത്തി സെനഗലിന്റെ 19-ാം നമ്പർ താരം വലയിലേക്ക് തട്ടിയിടുമ്പോൾ കമന്റേറ്റർ അലറി പാപ ബൗബ ദിയോപ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദിയൂഫിന്റെ പാസിനെ പ്ലേസ് ചെയ്യാൻ എങ്ങനെയാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ ദിയോപ് ഫ്രഞ്ച് ഗോൾമുഖത്തെത്തിയതെന്ന് ആർക്കും അറിയില്ല. ലിസാറസുവും യോർക്കഫും തുറാമും അണിനിരന്ന ഫ്രഞ്ച് റെഡാറിൽ ആ കറുത്ത രൂപം പതിഞ്ഞുമില്ല.കൊള്ളിയാൻ പോലെ പറന്നെത്തി വീണുകൊണ്ട് തൊടുത്ത ആദ്യ ഷോട്ട് ബാർത്തേസിന്റെ നേരെ, അദ്ദേഹം തട്ടിയത് വീണ്ടും ദിയോപിനടുത്തേക്ക്.കിടന്ന കിടപ്പിൽത്തൊടുത്ത അടുത്ത ഷോട്ടിൽ ഫ്രഞ്ച് വലകുലുങ്ങി. അവിശ്വസനീയ ഭാവത്തിൽ ചാടിയെണീറ്റ ദിയോപ് നേരെ കോർണർ ഫ്ലാഗിനരികിലേക്ക്. തന്റെ ജേഴ്സി നിലത്തിട്ട് കൂട്ടുകാരെക്കൂട്ടി അതിന് ചുറ്റും നൃത്തം ചെയ്യുമ്പോൾ പാപ ബൗബ ദിയോപ് എന്ന പേര് ലോകം മുഴുവനുമുള്ള ഫുട്ബാൾ പ്രേമികളുടെ ഹൃദയത്തിൽ സുവർണ ലിപിയിൽ കുറിക്കപ്പെട്ടു. ആ ഗോളിൽ ഫ്രാൻസിനെ സെനഗൽ അട്ടിമറിച്ചു. ലോകചാമ്പ്യൻമാരെന്ന ഗർവുമായെത്തിയവർക്ക് മടക്ക ടിക്കറ്റ് നൽകിയ ഗോൾ.വർങ്ങളോളം തങ്ങളെ കോളനിയാക്കി ദ്റോഹിച്ച ഫ്രഞ്ച് ദാർഷ്ഠ്യത്തിന്റെ മുഖത്ത് കൊടുത്ത അടിയായാണ് സെനഗലുകാർ ആ ഗോളിനെക്കണ്ടത്. അവിടം കൊണ്ടും തീർന്നില്ല സെനഗൽ വസന്തം.ദിയോപിന്റെയും ദിയൂഫിന്റേയും ചിറകിലേറി അത് ക്വാർട്ടർവരെ പൂത്തുലഞ്ഞു. ഉറുഗ്വെയ്ക്കെതിരെ രണ്ട് ഗോൾ കൂടി നേടിയ ദിയോപ് ഒരു ലോകകപ്പിൽ സെനഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി. ആഫ്രിക്ക കപ്പ് ഒഫ് നേഷൻസ് റണ്ണറപ്പായ സെനഗൽ ടീമിലും ദിയോപ് ഉണ്ടായിരുന്നു.
പിന്നീട് ഇംഗ്ലീഷ് ക്ലബുകളായ ഫുൾഹാം, പോർട്ട്സ്മൗത്ത് വെസ്റ്റ്ഹാം, ബിർമിംഗ് ഹാം സിറ്റി എന്നീ ടീമുകൾക്കായും ബൂട്ടുകെട്ടി. 2001 മുതൽ 2008 വരെ സെനഗലിന്റെ ജേഴ്സിയണിഞ്ഞ ദിയോപ് 63 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി. ഞായറാഴ്ച 42-ാം വയസിൽ ദീർഘകാലമായുള്ള നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന് ജീവിതമൈതാനത്ത് നിന്ന് ദിയോപ് നടന്നകലുമ്പോൾ ഫ്രാൻസ് ശൂന്യമായിപ്പോയ ആ മത്സരത്തിന് ശേഷം അവരുടെ കോച്ച് റോജർ ലെമറേ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു- പാപ ബൗബ ദിയോപ് എന്നൊരു പേര് ഇതിനു മുൻപ് ഞാനൊരിക്കലും കേട്ടിട്ടില്ല, പക്ഷേ ഇനിയെന്റെ ശരീരത്തിൽ ഒരിറ്റു ശ്വാസം അവശേഷിക്കുന്നിടത്തോളം ആ പേര് ഞാൻ മറക്കില്ല...ഇതായിരുന്നു ലെമറെയുടെ വാക്കുകൾ... അതേ പാപ ബൗബ ദിയോപ്, ആ ഒരൊറ്റ ഗോളിൽ നിങ്ങൾ അമരനായിക്കഴിഞ്ഞിരുന്നു...