തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെ വിജിലന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.എഫ്.ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജിലൻസ് നടപടിക്കെതിരെ ധനമന്ത്രി തോമസ് ഐസക് അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാൽ വിജിലന്‍സിലെ ഇന്‍റലിജൻസ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികൾ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെ.എസ്.എഫ്.ഇയില്‍ നടന്നത്. ഇത്തരം പരിശോധനകള്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റ് ഏതെങ്കിലും അനുമതി ഇതിന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനും മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥനും മിന്നല്‍ പരിശോധനയ്ക്ക് ശേഷം ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച് ഇന്റേണല്‍ ഓഡിറ്റ്, വിജിലന്‍സ് അന്വേഷണം, വകുപ്പ് തല അന്വേഷണം എന്നിവ നടക്കും. സിസ്റ്റത്തിന്റെ വീഴ്ചയാണെങ്കില്‍ അത് പുനഃപരിശോധിക്കാനും ശുപാര്‍ശ നല്‍കും. ഇത് സാധാരണയായി നടക്കുന്ന നടപടിക്രമങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിജിലന്‍സ് നടത്തുന്ന ആദ്യത്തെ പരിശോധനയല്ല ഇത്. 2019ല്‍ വിവിധ വകുപ്പുകളില്‍ 18 പരിശോധനകള്‍ നടന്നു. 2020ല്‍ ഇതുവരെ ഏഴ് പരിശോധനകള്‍ നടന്നു. സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും, തിരുത്തലുകള്‍ വേണ്ടിടത്ത് അത് ചെയ്യുമെന്നും ഇതാണ് സാധാരണ നടപടിക്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോട്ടാര്‍ വാഹന വകുപ്പിലും, പൊലീസ് സ്റ്റേഷനുകളിലും, വനം വകുപ്പിന്‍റെ മര ഡിപ്പോകളിലും, ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ, വിദേശ മദ്യ ഔട്ട്ലെറ്റുകളില്‍, എയ്ഡഡ് സ്കൂളുകളില്‍, ആര്‍.ടി.ഒ ഓഫീസുകളില്‍, ലീഗല്‍ മെട്രോളജി ഓഫീസുകളില്‍, ചിൽഡ്രന്‍സ് ഹോം, മഹിളാ മന്ദിരങ്ങള്‍, പ്രതീക്ഷാ ഭവന്‍, ക്വാറികളില്‍, അതിര്‍ത്തികളിലെ എക്സൈസ് മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍, പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് വകുപ്പ് റോഡില്‍ തുടങ്ങി, ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വരെ
വിവിധ വകുപ്പുകളിലായി സമാനമായ രീതിയിൽ പരിശോധനകൾ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.