1990ൽ മഹേഷ് ഭട്ടിന്റെ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമായ ' ആഷിഖി'യിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ രാഹുൽ റോയ്‌യ്ക്ക് മസ്തിഷ്കാഘാതം. 52 കാരനായ രാഹുൽ ഗുരുതരാവസ്ഥയിൽ ഐ സി യുവിലാണ്. എൽ എ സി - ലിവ് ദ ബാറ്റിൽ ഇൻ കാർഗിൽ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാർഗിലിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. കാർഗിലിൽ നിന്ന് ആദ്യം ശ്രീനഗറിലേക്കും തുടർന്ന് മുംബയ് നാനാവതി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കാൻ രണ്ട് ദിവസം കൂടി ബാക്കി നിൽക്കെയാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹേഷ് ഭട്ടിന്റെ തന്നെ ഫിർ തെരി യാദ് ആയി, ജുനൂൻ, നസീബ് തുടങ്ങിയവയാണ് രാഹുലിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസൺ ( 2006 ) വിജയി ആണ് രാഹുൽ. അഭിനയത്തിനൊപ്പം തന്നെ നിർമാണ മേഖലയിലേക്കും ശ്രദ്ധ തിരിച്ച രാഹുലിന് രാഹുൽ റോയ് പ്രൊഡക്ഷൻസ് എന്ന ഒരു നിർമാണ കമ്പനിയുമുണ്ട്.