markets

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ മാര്‍ക്കറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കണ്ടെയ്ന്‍മെന്റ് സോണിലെ മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പുറത്തുള്ളവയ്ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവാദം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് മാര്‍ക്കറ്റ് ഓണേഴ്‌സ് അസോസിയേഷനുമായി കേന്ദ്രം ബന്ധപ്പെടും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുയോജ്യമായ പെരുമാറ്റ രീതികളും നിരീക്ഷണത്തിനുള്ള സംവിധാനവും മാര്‍ക്കറ്റ് അസോസിയേഷന്‍ രൂപീകരിക്കണം. ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ ഉണ്ടായാല്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കണം മാര്‍ക്കറ്റുകള്‍ തുറക്കേണ്ടത്. അതല്ലെങ്കില്‍ പൂര്‍ണ്ണമായി അടച്ചിടാനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് സ്വീകരിക്കാം.

65 വയസിന് മുകളിലുള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖമുള്ളവരും 10 വയസില്‍ താഴെയുള്ളവരും വീടുകളില്‍ കഴിയണം. അത്യാവശ്യപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ. പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. സാമൂഹിക അകലം, മാസ്‌ക്, ശുചിത്വം എന്നിവ പാലിക്കണം.