സിഡ്നി: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ഡേവിഡ് വാർണർ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഇതിന് പിന്നാലെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ കളിക്കില്ല. ഡാരിസ് ഷോർട്ടിനെ ക്രിക്കറ്റ് ആസ്ട്രേലിയ വാർണർക്ക് പകരം ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് പരമ്പരയെ മുൻനിറുത്തി പേസർ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ചു. അവസാന ഏകദിനത്തിലും ട്വന്റി -20 പരമ്പരയിലും കമ്മിൻസ് കളിക്കില്ല.
ഡിസംബർ 17-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാർണറുടെ പരിക്ക് ഭേദമാകുമെന്നാണ് ആസ്ട്രേലിയയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്കെതിരേ മികച്ച പ്രകടനമാണ് വാർണർ പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും വാർണർ അർദ്ധ സെഞ്ച്വറി നേടി.