ഗോവയും നോർത്ത് ഈസ്റ്രും സമനിലയിൽ പിരിഞ്ഞു (1-1)
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലേയും സമനില. ഇന്നലെ നടന്ന ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം 1-1ന്റെ സമനിലയിലാണ് അവസാനിച്ചത്. ഇതുൾപ്പെടെ ഐ.എസ്.എല്ലിൽ അവസാനം നടന്ന നാല് മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. ആവേശം നിറഞ്ഞ് നിന്ന മത്സരത്തിലെ രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് വീണത്. ഇദ്രിസ് സില്ല 40-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചപ്പോൾ മൂന്ന് മിനിട്ടിന് ശേഷം ഇഗർ അൻഗുളോ ഗോവയ്ക്ക് സമനില നൽകുകയായിരുന്നു.
നോർത്ത് ഈസ്റ്റ് നായകൻ ലാലെങ്മാവിയയാണ് ഹീറോ ഒഫ് ദമാച്ച്. ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞനായകൻ എന്നറെക്കാഡും ലാലെങ്മാവിയ സ്വന്തമാക്കി. തുടക്കം മുതൽ ഗോവ ആക്രമണം തുടങ്ങി. പതിയെ താളം കണ്ടെത്തിയ നോർത്ത് ഈസ്റ്റും പിന്നീട് ആക്രമണങ്ങൾ മെനഞ്ഞു. 38-ാം മിനിട്ടിൽ ഗോൺസാൽവസിന്റെ ഫൗളിൽ നിന്ന് റഫറി നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സില്ലയുടെ ആദ്യ ഷോട്ട് റഫറി ഫൗൾ വിളിച്ചെങ്കിലും രണ്ടാം ഷോട്ട് ഗോളാക്കി അദ്ദേഹം നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. ഉണർന്നു കളിച്ച ഗോവ അധികം വൈകാതെ ബ്രൻഡൻ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് അംഗുളോ നേടിയ ഗോളിൽ ഒപ്പമെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.