ലക്‌നൗ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. വാരണാസിയിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് നേരെ കരിയോയിൽ ആക്രമണമാണ് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ദേവ് ദീപാവലി'യുമായി ബന്ധപ്പെട്ട് വാരാണസി സന്ദർശിക്കുന്ന വേളയിലാണ് ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.
ആക്രമണത്തിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് വ്യക്തമല്ല. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ, ജില്ലാ ഭരണാധികാരികൾ ഇടപെട്ട് പ്രതിമ വൃത്തിയാക്കിയിട്ടുണ്ട്. തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതിമയിൽ പാലൊഴിച്ച് ശുദ്ധി വരുത്തി തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയുണ്ടായി.
പ്രതികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും നിലവിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ഇവർ കോൺഗ്രസ് നേതാക്കളെ അറിയിച്ചു.