farmer-assualted

ഡൽഹി അതിർത്തിയിൽ വച്ച് നടന്ന കർഷക പ്രക്ഷോഭത്തിനിടെ നീല സിഖ് തലപ്പാവ് ധരിച്ച, നീണ്ട വെള്ള താടിയുള്ള ഒരു കർഷകനെ ഹെൽമെറ്റും വെസ്റ്റും ധരിച്ച ഒരു പൊലീസുകാരൻ മർദിക്കുന്ന ചിത്രം ഏതാനും ദിവസം മുൻപ് സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ വഴി ശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ ഈ ഫോട്ടോ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.

ഇങ്ങനെ സംഭവിക്കുന്നത് വളരെ ദുഃഖകരമാണെന്നും പ്രധാനമന്ത്രി മോദിയുടെ ഗർവ് ജവാനെ കർഷകന് എതിരാക്കിയെന്നും രാഹുൽ തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. രാജ്യത്തിന് അന്നം നൽകുന്ന കർഷകരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറുന്നതെന്നാണ് സോഷ്യൽ മീഡിയ ചിത്രത്തോട് പ്രതികരിച്ചത്.

बड़ी ही दुखद फ़ोटो है। हमारा नारा तो ‘जय जवान जय किसान’ का था लेकिन आज PM मोदी के अहंकार ने जवान को किसान के ख़िलाफ़ खड़ा कर दिया।

यह बहुत ख़तरनाक है। pic.twitter.com/1pArTEECsU

— Rahul Gandhi (@RahulGandhi) November 28, 2020

എന്നാൽ പി.ടി.എയുടെ ഫോട്ടോഗ്രാഫറായ രവി ചൗധരിയാണ് പകർത്തിയ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് നിരവധി ബി.ജെ.പി, വലതുപക്ഷ, തീവ്ര വലതുപക്ഷ അനുകൂലികൾ രംഗത്തുവന്നിരുന്നു. കർഷകനെ സത്യത്തിൽ പൊലീസുകാരൻ തല്ലിയില്ലെന്നും പകരം അയാൾക്ക് നേരെ വടി വീശുക മാത്രമാണ് പൊലീസുകാരൻ ചെയ്തതെന്നുമാണ് ഇവർ പറയുന്നത്.

ഈ വാദത്തെ ബലപ്പെടുത്താനായി ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ പങ്കുവച്ച ഒരു വീഡിയോയും ഇവർ വ്യാപകമായി പ്രചരിപ്പിച്ചു. ബി.ജെ.പി അനുകൂല ഇന്റർനെറ്റ് പ്ലാറ്റ്ഫോമായ 'പൊളിറ്റിക്കൽ കിഡ' ആണ് മാളവ്യ ട്വീറ്റ് ചെയ്ത ഈ വീഡിയോ ആദ്യം പുറത്തിറക്കിയത്.

Rahul Gandhi must be the most discredited opposition leader India has seen in a long long time. https://t.co/9wQeNE5xAP pic.twitter.com/b4HjXTHPSx

— Amit Malviya (@amitmalviya) November 28, 2020

പൊലീസുകാരൻ കർഷകനെ മർദ്ദിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞുവെന്നും അദ്ദേഹം വിശ്വാസയോഗ്യനല്ലാത്ത ആളാണെന്നും മാളവ്യ പറഞ്ഞിരുന്നു. ഇത് വലതുപക്ഷാനുകൂലികൾ ഏറ്റുപിടിച്ചിരുന്നു. എന്നാൽ കർഷകനെ പൊലീസുകാരൻ മർദ്ദിച്ചുവെന്ന് രാഹുൽ ഗാന്ധി തന്റെ ട്വീറ്റിൽ പറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

മർദ്ദനം ഒഴിവാക്കാനായി ഓടുന്ന കർഷകന് നേരെ പൊലീസുകാരൻ വടി വീഴുന്നതാണ് ചിത്രത്തിൽ കാണുന്നത്. കർഷകന്റെ ശരീരത്തിൽ വടി പതിക്കുന്നതായി വീഡിയോയിൽ കാണാൻ സാധിക്കില്ല. എന്നാൽ ഈ വീഡിയോ പൂർണമല്ല എന്നതാണ് വസ്തുത.

യഥാർത്ഥ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് അമിത് മാളവ്യ പങ്കുവച്ചതും വലതുപക്ഷ അനുകൂലികൾ ഏറ്റെടുത്തതും. അൽപ്പം കൂടി ദൈർഘ്യമുള്ള യഥാർത്ഥ വീഡിയോയിൽ ഓടുന്ന കർഷകന് നേരെ രണ്ടു പൊലീസുകാർ വടി വീശുന്നതാണ് കാണാൻ സാധിക്കുന്നത്.

ഇതിൽ ആദ്യത്തെയാളുടെ വടി കർഷകന്റെ ദേഹത്ത് തട്ടുന്നതായി സൂചനയുണ്ടെങ്കിലും ഇക്കാര്യം തീർച്ചപ്പെടുത്താനാകില്ല. ആദ്യത്തെ പൊലീസുകാരനിൽ നിന്നും കർഷകൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ വടി ദേഹത്ത് പതിക്കുന്നതായി തോന്നിക്കുന്ന ഒരുശബ്ദം വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.

farmer

വീഡിയോ ഷൂട്ട് ചെയ്ത ക്യാമറയ്ക്ക് മുൻപിലായി തടസം സൃഷ്ടിച്ചുകൊണ്ട് മറ്റൊരു പൊലീസുകാരൻ നിൽക്കുന്നതിനാലാണ് ആദ്യത്തെ പൊലീസുകാരൻ കർഷകനെ മർദ്ദിച്ചിട്ടുണ്ടോ എന്ന കാര്യം തീർച്ചപ്പെടുത്താൻ സാധിക്കാത്തത്. രവി ചൗധരി തന്നെ പകർത്തിയ മറ്റൊരു ചിത്രത്തിൽ ആദ്യത്തെ പൊലീസുകാരന്റെ വടി കർഷകന്റെ ദേഹത്ത് തൊടുന്നതായി തോന്നിക്കുന്നുണ്ട്.

എന്നാൽ ഈ ചിത്രം കർഷകന്റെയും പൊലീസുകാരന്റെയും മുൻവശത്ത് നിന്നും പകർത്തിയതായതിനാൽ ഇക്കാര്യം പൂർണമായും ഉറപ്പിക്കാനാകില്ല. അതേസമയം, ചിത്രത്തിലുള്ള ബോർഡിൽ നിന്നും ഡൽഹി-ചണ്ഡിഗർ ഹൈവേയിലുള്ള സിംഗു അതിർത്തിയിൽ വച്ചാണ് സംഭവം നടന്നതെന്ന് ഉറപ്പിക്കാൻ സാധിക്കും. മാളവ്യ പങ്കുവച്ച വീഡിയോയ്ക്ക് കീഴിലായി 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന് ഇപ്പോൾ ട്വിറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്.