delhi-chalo

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ സമരം അഞ്ചാം ദിവസം കടക്കുമ്പോൾ ചർച്ചയ്‌ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് വെെകിട്ട് മൂന്ന് മണിയോടെ കർഷകരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ അറിയിച്ചു. ഡൽഹിയിലെ ശീത കാലാവസ്ഥയും വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകളും കണക്കിലെടുത്താണ് അടിയന്തരമായി ചർച്ചയ്‌ക്ക് തയ്യാറാകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ഗുരു നാനാക്കിന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് എത്തിയ കർഷകർ അമൃതസറിലേക്ക് മടങ്ങി പോകുമ്പോൾ ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങൾ അടച്ചിടുമെന്ന് കർഷക സംഘടനകൾ ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നതതല യോഗം ചേർന്ന ബി.ജെ.പി കർഷകരെ ചർച്ചയ്ക്ക് വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വസതിയിലായിരുന്നു യോഗം ചേർന്നിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. നേരത്തെ അമിത് ഷാ ചർച്ചയ്ക്കായി മുന്നോട്ട് വച്ച നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.