നിലമ്പൂർ: നിലമ്പൂർ- ഷൊർണ്ണൂർ പാതയിൽ മറ്റൊരു എക്സ്പ്രസ് ട്രെയിൻ സർവീസിന് കൂടി വഴിയൊരുങ്ങുന്നു. നിലമ്പൂർ - കോട്ടയം പാസഞ്ചറാണ് എക്സ്പ്രസ് ട്രെയിനാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ രാജ്യറാണി എക്സ്പ്രസിന് ശേഷം നിലമ്പൂർ - ഷൊർണ്ണൂർ പാതയിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എക്സ്പ്രസ് ട്രെയിനായി ഇതു മാറും. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമ്പോൾ കോട്ടയം പാസഞ്ചറിന്റെ യാത്ര എക്സ്പ്രസ് വേഗത്തിലാവും.
200 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാനുള്ള ശിപാർശ കഴിഞ്ഞ ആഴ്ച്ചയാണ് റെയിൽവേ ബോർഡ് അംഗീകരിച്ചത്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് റെയിൽവേയുടെ ഈ നീക്കം. കേരളത്തിൽ ഒമ്പത് പാസഞ്ചർ ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസ് ട്രെയിനുകളായി മാറ്റുന്നത്. എക്സ്പ്രസ് ട്രെയിനാവുന്നതോടെ റിസർവേഷൻ സൗകര്യങ്ങളും എസി കോച്ചുകളുമൊത്തും. രാജ്യറാണിയിലാണ് റിസർവേഷൻ സൗകര്യമുള്ളത്. യാത്രക്കാരുടെ തിരക്ക് മൂലം രാജ്യറാണിയിൽ ടിക്കറ്റ് കിട്ടാൻ ഏറെ പ്രയാസമായിരുന്നു. ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്യേണ്ട അവസ്ഥയായിരുന്നു. എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലേക്കാണ് കൂടുതൽ യാത്രക്കാരുണ്ടായിരുന്നത്. കോട്ടയം പാസഞ്ചർ എക്സ്പ്രസ് ട്രെയിനാവുന്നതോടെ എറണാകുളത്തേക്കുള്ള യാത്രക്കാരുടെ ഇടിച്ചുകയറ്റം രാജ്യറാണിയിൽ കുറഞ്ഞേക്കും. പുതിയ എക്സ്പ്രസ് ട്രെയിൻ പുറപ്പെടുന്നതിന്റെ സമയക്രമത്തിൽ മാറ്റങ്ങളുണ്ടാവില്ലെന്നാണ് വിവരം. രാവിലെ 5.20ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ ഉച്ചയ്ക്ക് 1.10ന് ആണ് നിലമ്പൂരിൽ എത്തിയിരുന്നത്. ഉച്ചയ്ക്ക് 2.45ന് നിലമ്പൂരിൽ നിന്ന് യാത്ര തുടങ്ങി കോട്ടയത്ത് എത്തുമ്പോഴേക്കും രാത്രി 10.40 ആകും. ഈ സമയദൈർഘ്യം യാത്രക്കാരെ പാസഞ്ചർ സർവീസിൽ നിന്ന് അകറ്റിയിരുന്നു. എക്സ്പ്രസ് ട്രെയിനാകുന്നതോടെ യാത്രാ സമയത്തിൽ വലിയ മാറ്റമുണ്ടാവും.
നിരക്ക് തിരിച്ചടി
നിലവിൽ പാസഞ്ചർ ട്രെയിനുകൾക്ക് പത്ത് രൂപയാണ് കുറഞ്ഞ നിരക്കെങ്കിൽ എക്സ്പ്രസ് ട്രെയിനുകളുടേത് 30 രൂപയാണ്. ഒപ്പം ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണത്തിലും കുറവുണ്ടാവും. നിലമ്പൂരിനും ഷൊർണ്ണൂരിനും ഇടയിൽ കോട്ടയം പാസഞ്ചറിന് 10 സ്റ്റോപ്പുകളുണ്ട്. ഇതിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും എക്സ്പ്രസ് ആവുന്നതോടെ സ്‌റ്റോപ്പുണ്ടാവില്ല. ആറ് പാസഞ്ചർ ട്രെയിനുകളാണ് ഷൊർണ്ണൂർ- നിലമ്പൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.