പെരിന്തൽമണ്ണ: പ്രഭാതസവാരിക്കാർക്കായി മികച്ച സൗകര്യങ്ങളുമായി ഹെൽത്ത് വാക്ക്‌വേ നിർമ്മിച്ച് പെരിന്തൽണ്ണ നഗരസഭ. മാനത്ത്മംഗലം പൊന്ന്യകുറിശ്ശി ബൈപ്പാസിലാണ് മൂന്ന് കിലോമീറ്റർ ഹെൽത്ത് വാക്ക് വേ നിർമിച്ചിരിക്കുന്നത്. പ്രഭാത നടത്തം, വ്യായാമം, വിനോദം എന്നിവ ലക്ഷ്യം വച്ചാണ് ഹെൽത്ത് വാക്ക് വേ നിർമ്മിച്ചത്.
മാനത്ത്മംഗലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പൊന്ന്യാകുറിശ്ശി ജംങ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരവും രണ്ട് മീറ്റർ വീതിയിലുമാണ് വാക്ക് വേ നിർമ്മിച്ചിരിക്കുന്നത്. രണ്ടു സൈഡ് കെട്ടിപ്പൊക്കി നടുവിൽ ഇന്റർലോക്ക് കട്ടകൾ പാകി നിർമ്മിച്ച വാക്ക് വേയിൽ നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുതിയ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇരിപ്പിടങ്ങൾ, പുൽമേടുകൾ അലങ്കാരലൈറ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഹെൽത്ത് വാക്ക് വേയുടെ ഒരു കിലോമീറ്റർ ദൂരം നഗരസഭ 50 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ബാക്കി വരുന്ന രണ്ട് കിലോമീറ്റർ ദൂരം മൗലാന ആശുപത്രിയും നാലകത്ത് ഗ്രാനൈറ്റ്സും സംയുക്തമായ സ്‌പോൺസർഷിപ്പിലൂടെ രണ്ട് കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവിലാണ് ഹെൽത്ത് വാക്ക് വേയുടെ നിർമാണം. സ്‌പോൺസർഷിപ്പിൽ നിർമ്മിക്കുന്നതിനാവശ്യമായി നഗരസഭ കൗൺസിൽ തീരുമാനപ്രകാരം ആവശ്യമായ അനുമതിയും കരാറും നഗരസഭയും മൗലാനാ ആശുപത്രിയും നാലകത്ത് ഗ്രൂപ്പും ഒപ്പുവെച്ചു. ഹെൽത്ത് വാക്ക് വേയുടെ 15 വർഷത്തെ പരിപാലനവും നടത്തിപ്പും സ്‌പോൺസർമാർ നിർവഹിക്കും. വാക്ക് വേ നിർമ്മിച്ച് പരിപാലിക്കുന്നതിന്റെ ഭാഗമായി സ്‌പോൺസർമാരുടെ പരസ്യം ഹെൽത്ത് വാക്ക് വേയിൽ പ്രദർശിപ്പിക്കാം. ഇതിനാവശ്യമായ അനുമതിയും നഗരസഭ നൽകിയിട്ടുണ്ട്.
നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലീം അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻമാരായ കെ.സി മൊയ്തീൻ കുട്ടി, പത്തത്ത് ആരിഫ്, പി.ടി ശോഭന,, കിഴിശ്ശേരി മുസ്തഫ, രതി അല്ലക്കാട്ടിൽ, രാംദാസ്, സിദ്ദിഖ്, താമരത്ത് ഉസ്മാൻ, ഡോ. നാലകത്ത് റിസ് വാൻ (നാലകത്ത്ഗ്രൂപ്പ്), മുനിസിപ്പൽ സെക്രട്ടറി എസ്.സജീം, മുനിസിപ്പൽ എഞ്ചീനിയർ എൻ.പ്രസന്നകുമാർ, തുടങ്ങിയവർ പങ്കെടുത്തു.