മഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും പ്രചാരണത്തിന് ചൂടേറിക്കഴിഞ്ഞു. സോഷ്യൽ മിഡീയയിൽ നിന്നും റോഡിലേക്കിറങ്ങിയുള്ള പ്രചാരണത്തിലേക്ക് സ്ഥാനാർത്ഥികൾ കടന്നിട്ടുണ്ട്.വീടുകളിൽ കയറി വോട്ടു ചോദിച്ചുള്ള പ്രചാരണത്തിനാണ് തുടക്കമായത്.
സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളെന്ന് ഏതാണ്ട് ധാരണയായവരാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെപ്രചാരണം തുടങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയാവും മുമ്പ് തന്നെ പലരും സ്വയം സ്ഥാനാർത്ഥിത്ഥം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഇവരിൽ പലരും പിന്നീട് പിന്മാറി.
നിയുക്തസ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽകണ്ടുള്ള പ്രചാരണം തുടങ്ങിയതോടെ വിർച്വൽ ലോകത്തിലെ ചൂട് കവലകളിലേക്കും പരന്നുകഴിഞ്ഞു. സ്ഥാനാർത്ഥികളുടെയും മുന്നണി നേതാക്കളുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകൾ സാമൂഹ്യമാദ്ധ്യമങ്ങൾ കൈയടക്കുകയാണ്. പ്രാദേശിക തലത്തിൽ തയ്യാറാക്കിയ പോസ്റ്ററുകളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.
സ്വതന്ത്രരായി മത്സരിക്കാൻ ലക്ഷ്യമിടുന്നവരും വീറോടെ രംഗത്തുണ്ട്. പ്രചാരണത്തിൽ ഇവരും ഒട്ടും പിന്നിലല്ല. ഏന്താണ് തങ്ങൾക്ക് ചിഹ്നമായി ലഭിക്കുകയെന്നു ഉറപ്പില്ലെങ്കിലും കുട, തുലാസ് തുടങ്ങിയവ ചിഹ്നങ്ങളായി സ്വയം പ്രഖ്യാപിച്ച് ഇവർ പ്രചാരണം നടത്തുന്നുണ്ട്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേതൃത്വത്തിന്റെ അനുമതിയോടെയാണ് തങ്ങൾ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നാണ് സ്ഥാനാർത്ഥികളുടെ ഭാഷ്യം