താനൂർ: തീരദേശ മേഖലയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ താനൂർ കേന്ദ്രീകരിച്ച് ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷന് ഭരണാനുമതി.
സംസ്ഥാന സർക്കാർ 2019-20 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫയര്സ്റ്റേഷൻ പദ്ധതിക്കാണ് ഭരണാനുമതിയായത്. താനൂർ കളരിപ്പടിയിലെ സ്വകാര്യവ്യക്തിയുടെ ഭൂമി സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് അനുവദിക്കാമെന്ന് തീരുമാനമായ സാഹചര്യത്തിലാണ് നടപടി.
കളരിപ്പടിയിലെ സ്ഥലത്ത് ഫയര്സ്റ്റേഷന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അനുമതിയായതോടെ ഇനി നടപടികൾ വേഗത്തിലാകും.
സർക്കാർ ഉടമസ്ഥതയിലുള്ള അനുയോജ്യമായ സ്ഥലം താനൂർ മേഖലയിൽ ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭ്യമാക്കി സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്ന് വി.അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു.
എല്ലാം വേഗത്തിലാവും
താനൂർ കേന്ദ്രീകരിച്ച് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ മത്സ്യബന്ധന മേഖലയിൽ അപകടങ്ങളുണ്ടായാൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനാകും.
മറ്റ് ഇടങ്ങളിലേക്കും വേഗത്തിൽ സേവനം ലഭ്യമാക്കാനാകും.
നിലവിൽ താനൂർ അടക്കമുള്ള സ്ഥലങ്ങളിൽ അത്യാഹിതങ്ങളുണ്ടായാൽ തിരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തണം.
പരപ്പനങ്ങാടി മുതൽ ദേശീയപാത ചേളാരി വരെയുള്ള മേഖലകളിലും പല ഘട്ടങ്ങളിലും തിരൂർ ഫയർഫോഴ്സിന്റെ സേവനമാണ് ലഭ്യമാകാറ്.
എന്നാൽ അപകടങ്ങളുണ്ടായാൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ദൂരക്കൂടുതൽ പലപ്പോഴും തടസ്സമാകാറുണ്ട്.
താനൂരിൽ ഫയര്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയാൽ ഇതിനെല്ലാം പരിഹാരമാകും.