കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് ഇൻഡിഗോ എയർവിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് കളളക്കടത്ത് പിടികൂടിയത്.തിങ്കളാഴ്ച രാത്രി 10നാണ് റഷീദ് കരിപ്പൂരിലെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. നാലു സ്വർണ ഗുളികകളാണ് ഇയാളുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത്. കരിപ്പൂരിൽ നേരത്തെ 60 ലക്ഷത്തിന്റെ സ്വർണവുമായി മലപ്പുറം സ്വദേശി അസ്ക്കർ എയർകസ്റ്റംസ് ഇന്റെലിജൻസിന്റെ പിടിയിലായിരുന്നു.ആറ് സ്വർണ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.രണ്ട് സംഭവങ്ങൾക്കും സമാനതകൾ ഏറെയുളളതിനാൽ ഒരേ സംഘത്തിന്റെ കളളക്കടത്താണെന്ന് സംശയിക്കുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ടുളള അന്വേഷണം നടന്നുവരികയാണ്.