vvvvv

പ്രവർത്തനം തുടങ്ങി സൈബർ സ്റ്റേഷൻ

മലപ്പുറം : ഫയലിംഗ് കോടതി സംബന്ധിച്ച് തീരുമാനമാവാത്തതിനാൽ ജില്ലയിലെ സൈബർ സ്റ്റേഷന് നേരിട്ട് കേസെടുക്കാനാവുന്നില്ല. കേസ് ഫയൽ സമർപ്പിക്കൽ,​ പ്രതികളെ ഹാജരാക്കൽ തുടങ്ങിയവയ്ക്ക് ഫയലിംഗ് കോടതി ഏതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ പറയുന്നു. സൈബർ കേസുകളിലെ അന്വേഷണത്തിന് വേഗം കൂട്ടാൻ ലക്ഷ്യമിട്ട് നവംബ‌ർ ഒന്നിനാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് സൈബർ സ്റ്റേഷൻ തുടങ്ങിയത്. നേരത്തെ സൈബ‌ർ സെൽ മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. മറ്റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്ന രീതിയായിരുന്നു. സൈബർ സ്റ്റേഷൻ വന്നതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണം നടത്താനാവും. മറ്റ് സ്‌റ്റേഷനുകൾക്കും സൈബർ സ്‌റ്റേഷന്റെ സാങ്കേതിക സഹായം തേടാം.

വേഗം കൂടും

ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, ഡാറ്റ തട്ടിപ്പ്, ബാങ്ക് അക്കൗണ്ട് ഹാക്കിംഗ് അടക്കമുള്ള കേസുകളിൽ അന്വേഷണം വേഗത്തിലാക്കാനും തട്ടിപ്പുകൾ കുറയ്ക്കാനും സൈബർ സ്റ്റേഷൻ കൊണ്ടാവും.സാങ്കേതിക വിദഗ്ദ്ധരടക്കം പത്ത് ജീവനക്കാരാണ് സൈബർ സ്റ്റേഷനിലുള്ളത്. സൈബർ സെല്ലിനെ കൂടി സ്റ്റേഷന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫയലിംഗ് കോടതിയുടെ കാര്യത്തിൽ തീരുമാനമാവും വരെ ജില്ലാ പൊലീസ് മേധാവി ഏൽപ്പിക്കുന്ന പ്രധാന കേസുകളിലെ അന്വേഷണമാവും സൈബർ സ്റ്റേഷൻ വഴി നടക്കുക.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച കേസുകളാണ് ജില്ലയിലെ സൈബർ കേസുകളിൽ ഏറെയും. വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വ്യക്തിഗതവും ബാങ്ക് സംബന്ധിച്ചതുമായ വിവരങ്ങൾ നൽകും. പലപ്പോഴും പണം നഷ്ടപ്പെട്ട ശേഷമാവും തട്ടിപ്പ് ബോദ്ധ്യപ്പെടുക. ഇതിനെല്ലാം തടയിട്ട് സംസ്ഥാനത്തെ മികച്ച സൈബർ സ്റ്റേഷനാക്കി മലപ്പുറത്തെ മാറ്റുകയാണ് ലക്ഷ്യം.

അൽത്താഫ് അലി, മലപ്പുറം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ