flight

മലപ്പുറം: ഗൾഫ് സെക്ടറിൽ യാത്രക്കാർ കുറഞ്ഞതോടെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് സ്വകാര്യ വിമാനക്കമ്പനികൾ. പ്രവാസികളുടെ തിരിച്ചുവരവ് കുറ‌ഞ്ഞതും കേരളത്തിൽ കൊവിഡ് നിരക്കുയർന്നതും യാത്രക്കാരുടെ എണ്ണം കുറച്ചു.

പല രാജ്യങ്ങളിലേക്കും സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. പലയിരട്ടിയായി വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് വെട്ടിക്കുറച്ചത്. സ്

വകാര്യ വിമാനക്കമ്പനികളെ അപേക്ഷിച്ച് എയർ ഇന്ത്യ എക്സ്‌പ്രസിലാണ് നിരക്ക് കുറവ്. 1000 രൂപ വരെ വ്യത്യാസമുണ്ട്.

എയർഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഈ ആഴ്ച്ച 5,907 രൂപയ്ക്ക് വരെ ടിക്കറ്റുണ്ട്. 6,620 രൂപയാണ് നവംബറിലെ കൂടിയ നിരക്ക്. 7,000 രൂപ മുതലാണ് സ്വകാര്യ വിമാനങ്ങളിലേത്.

കേരളത്തിൽ നിന്ന് ദുബായിലേക്കും സമാനമായ തുകയാണ്. അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, കോഴിക്കോട് റൂട്ടിലെല്ലാം 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റുണ്ട്. ദുബായ്, അബുദാബി റൂട്ടുകളിൽ സീസൺ സമയങ്ങളിൽ 25,000ത്തിന് മുകളിൽ ഈടാക്കാറുണ്ട്. ഖത്തറിലെ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് 6,900 രൂപയാണ് നിരക്ക്.

മിക്ക ഗൾഫ് രാജ്യങ്ങളിലും ജനജീവിതം സാധാരണഗതിയിലായി. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ കമ്പനികൾ നിരുത്സാഹപ്പെടുത്തുകയാണ്. നാട്ടിലും തിരിച്ചുമെത്തിയാലുള്ള ക്വാറന്റൈൻ കാലയളവ് ലീവ് കുറവുള്ളവരെ പിന്തിരിപ്പിക്കുന്നു. നിശ്ചിതസമയത്തിനുള്ളിൽ തിരിച്ചെത്താനായില്ലെങ്കിൽ ജോലിയെയും വിസയെയും ബാധിക്കും.

സൗദിയിലേക്ക് യാത്ര കഠിനം

ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ള സൗദി അറേബ്യ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിറുത്തി. സൗദിയിലെ ജിദ്ദ,​ ദമാം,​ റിയാദ് വിമാനത്താവളങ്ങളിൽ നിന്നായി വന്ദേഭാരത് മിഷനിൽ പരിമിതമായ വിമാനസർവീസുകളുണ്ട്. ഓരോ മാസത്തെയും ഷെഡ്യൂൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സർവീസിന് കൃത്യതയില്ല. 27,000 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. കൊവിഡിന് മുമ്പ് ശരാശരി 17,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു.

നിലവിൽ കേരളത്തിൽ നിന്ന് ദുബായ് വഴിയാണ് സൗദിയിലേക്കുള്ള യാത്ര. 80,000 രൂപ വരെ ട്രാവൽ ഏജൻസികൾ ഈടാക്കും. ദുബായിൽ ഒരാഴ്ച ക്വാറന്റൈനിലിരുന്ന ശേഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം സൗദിയിലെത്താൻ. വിമാനടിക്കറ്റ്, വിസിറ്റിംഗ് വിസ, തൗമസ സൗകര്യമടക്കമുള്ളവയ്ക്കാണ് ഈ തുക. ജോലിയിൽ അടിയന്തരമായി പ്രവേശിക്കേണ്ടവരാണ് ദുബായ് വഴി യാത്ര തിരിക്കുന്നത്.