kkkkkk

മലപ്പുറം: യു.ഡി.എഫ് സംവിധാനം തകർന്ന പഞ്ചായത്തുകളിൽ മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നതിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിലും നാളെ ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ധാരണയായേക്കും. രാവിലെ 10ന് ഡി.ഡി.സി ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ സംബന്ധിക്കും. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ, കൺവീനർമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്ഥാന, ജില്ലാ നേതാക്കൾ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ തർക്കം നിലനിൽക്കുന്ന ഇടങ്ങളിലെ സീറ്റ് വിഭജനത്തിലടക്കം അന്തിമ ധാരണയാക്കാമെന്ന പ്രതീക്ഷയിലാണ് ഇരുപാർട്ടികളും.

ഇത്തവണ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് മുന്നണി സംവിധാനത്തിൽ മത്സരിക്കണമെന്ന തീരുമാനത്തിലാണ് കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വങ്ങൾ. വിമതരെയും സീറ്റിന്റെ പേരിൽ ഇടഞ്ഞവരെയും അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ മുഴുവൻ ത്രിതല സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാൻ കഴിയും വിധത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം. വാർഡ് തലത്തിലെ അഭിപ്രായ വ്യത്യാസവും സീറ്റ് വച്ചുമാറലും പ്രശ്നങ്ങളില്ലാതെ പരിഹരിക്കാനാണ് ശ്രമം.

അന്തിമഘട്ടത്തിൽ

24 പഞ്ചായത്തുകളിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംവിധാനമില്ലായിരുന്നു.

18 ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു.