vvf

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം ഇന്നുരാവിലെ 10ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ജില്ലയിലെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി മൂന്നുമാസത്തിനകം തന്നെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് ഇന്ന് നടക്കുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നഷടപരിഹാരം നൽകുന്നത്. ഇതുപ്രകാരം ഭൂമിക്കും കെട്ടിടങ്ങളുൾപ്പെടെയുള്ള എല്ലാ നിർമ്മിതികൾക്കും കാർഷിക വിളകൾക്കും മരങ്ങൾക്കും പ്രത്യേകമായി വില നിർണ്ണയം നടത്തി സമശ്വാസ പ്രതിഫലവും ചേർത്താണ് നഷ്ടപരിഹാരം നൽകുക. നടുവട്ടം വില്ലേജിൽ ഒരു സെന്റ് ഭൂമിക്ക് 4,70,540 രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. കെട്ടിടം ഉൾപ്പെടെയുള്ള നിർമ്മിതികൾക്ക് നിലവിലെ നിർമ്മാണച്ചെലവ് അടിസ്ഥാനമാക്കിയാണ് വിലനിർണ്ണയം.

ദേശീയപാത 66 (പഴയ 17) മലപ്പുറം ജില്ലയിൽ രാമനാട്ടുകര മുതൽ കാപ്പിരിക്കാട്ടുവരെ കടന്നുപോവുന്ന മൊത്തം ദൂരം 77 കിലോമീറ്ററാണ്. ഇത്രയും ദൂരം 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനായി 501 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ 24 വില്ലേജുകളിൽ നിന്നായി 8,​300 ലേറെ ഉടമസ്ഥരിൽ നിന്നുമാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.