തദ്ദേശതിരഞ്ഞെടുപ്പ് മുന്നൊരുക്കം
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് എൽ.ഡി.എഫിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിൽ. ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുകളിൽ ധാരണയായി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സീറ്റുകളിൽ ചർച്ച പുരോഗമിക്കുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രശ്നങ്ങളുള്ള ഇടങ്ങളിൽ ജില്ലാ നേതൃത്വം ഇടപെട്ടാണ് ചർച്ച. മൂന്ന് ദിവസത്തിനകം എൽ.ഡി.എഫ് യോഗം ചേർന്ന് സീറ്റ് വിഭജനത്തിൽ അന്തിമ രൂപമേകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ. തദ്ദേശസ്ഥാപനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിക്കാത്ത ഇടങ്ങളിലും മത്സരിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ അധികം സീറ്റുകൾ വിട്ടുകൊടുക്കേണ്ടെന്ന വികാരം സി.പി.എമ്മിനുണ്ട്. ജില്ലാ പഞ്ചായത്തിലെ 32 സീറ്റുകളിൽ 20ലും സി.പി.എമ്മാണ് മത്സരിച്ചിരുന്നത്. ഈ സീറ്റുകൾ വിട്ടുകൊടുക്കില്ല. അതേസമയം എൽ.ഡി.എഫിനുള്ളിലെ അസ്വാരസ്യങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ സി.പി.എം ശ്രദ്ധിക്കും. മുന്നണിക്കകത്ത് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പരസ്യ പ്രചാരണം തുടങ്ങാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത ഇടങ്ങളിൽ വീടുകളിൽ ചെറിയ സ്ക്വാഡുകൾ കയറിയിറങ്ങും. 20 പേരിൽ കൂടാത്ത കുടുംബ യോഗങ്ങളും ചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും പ്രചാരണം. സി.പി.എം നിലവിലുള്ള സോഷ്യൽമീഡിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ സി.പി.ഐ സ്മാർട്ട് വളണ്ടിയേഴ്സ് എന്ന പേരിൽ പ്രത്യേക സംഘത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകി.
വെൽഫെയർ നോട്ടപ്പുള്ളി
യു.ഡി.എഫ് - വെൽഫെയർ പാർട്ടി ബന്ധം പ്രധാന ചർച്ചയാക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. വർഗീയ, തീവ്രവാദ സംഘടനകളെ ഒരുകുടക്കീഴിലാക്കിയാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ഭരണഘടനാ അട്ടിമറി, സംസ്ഥാന സർക്കാരിന്റെ ജനോപകാരപ്രദമായ നടപടികൾ, ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസനപ്രവർത്തനങ്ങൾ, യു.ഡി.എഫ് ഭരണസമിതിയുടെ പോരായ്മകൾ എന്നിവ ചൂണ്ടിക്കാട്ടും.
വർഗീയ കക്ഷികളുമായി യു.ഡി.എഫ് ഒളിഞ്ഞും മറഞ്ഞും നടത്തിയിരുന്ന ബന്ധം ഒരുകാലത്തും ഇല്ലാത്തവിധം ഇന്ന് പരസ്യമാക്കിയിട്ടുണ്ട്. ഇതിൽ വിജയമുണ്ടായാൽ നാടിനുണ്ടാവുന്ന ആപത്ത് ചെറുതല്ല. ആത്മഹത്യാപരവും തീക്കൊള്ളി കൊണ്ട് പുറംചൊറിയുന്നതിന് തുല്യവുമാണിത്. യു.ഡി.എഫിന്റെ അപകടകരമായ നീക്കങ്ങൾ തുറന്നുകാട്ടും.ഇ.എൻ. മോഹൻദാസ്, സി.പി.എം ജില്ലാ സെക്രട്ടറി