മലപ്പുറത്ത് നിന്ന് വയനാട്ടിലേക്കെത്താൻ ചില്ലറയല്ല ദുരിതം. ദുർഘടമായ നാടുകാണിയോ താമരശ്ശേരി ചുരമോ പിന്നിട്ടുവേണം യാത്ര ചെയ്യാൻ. മഴക്കാലമായാൽ നാടുകാണി ചുരത്തിന്റെ കാര്യം പറയുകയേ വേണ്ട. ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ് പാത. വിള്ളലുകളും ഉരുൾപൊട്ടലും അടുത്തിടെ വലിയതോതിൽ വർദ്ധിച്ചിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് മൺസൂൺ കാലയളവിലും ദിവസങ്ങളോളം പാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവാഹനങ്ങളുടെ നീക്കം അടക്കം ഇതോടെ താമരശ്ശേരി ചുരം വഴിയാവും. നാടുകാണിയേക്കാൾ 20 കിലോമീറ്റർ അധികം സഞ്ചരിക്കണം. ഇതിനെല്ലാം പരിഹാരമായി വർഷങ്ങളായി മലപ്പുറം ഉന്നയിക്കുന്നതാണ് മുണ്ടേരിയിൽ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്കുള്ള ബദൽ പാത. ആകെ 52 കിലോമീറ്റർ മതി മേപ്പാടിയിലെത്താൻ. ഇരുചുരങ്ങളിലെയും പ്രതിസന്ധികളെ മറികടന്ന് യാത്ര ചെയ്യാനും ചരക്കുനീക്കം സുഗമമാക്കാനും ഈ പാത സഹായിക്കും. വനത്തിലൂടെ തുരങ്കം നിർമ്മിച്ച് ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലേക്കു ബദൽപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി വീശിയിരിക്കെയാണ് മുണ്ടേരിയിൽ നിന്നുള്ള പാതയ്ക്ക് വനംവകുപ്പ് റെഡ് സിഗ്നൽ കാണിക്കുന്നത്.
മലയോര ഹൈവേയിൽ ഉൾപ്പെടുത്തി കരുവാരകുണ്ടിലെ പൊൻപാറയിൽ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് ബദൽപാത ഒരുക്കാനുള്ള പദ്ധതി ഇപ്പോഴും അനുമതി കാത്തുകിടക്കുകയാണ്. 71 കിലോമീറ്റർ ദൈർഘ്യമുള്ള ബദൽപാതയിൽ മുണ്ടേരി ഫാം മുതൽ അരണപ്പുഴ വരെയുള്ള 12 കിലോമീറ്ററിൽ റോഡ് ഒരുക്കേണ്ടത് വനഭൂമിയിലൂടെയാണ്. ഈ ഭൂമി വിട്ടുനൽകാനാകില്ലെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിൽക്കുന്നതാണ് മലപ്പുറത്തിന്റെ ബദൽപാതയ്ക്ക് തടസം. വയനാട് ചുരത്തിന് ബദൽപാത ഒരുക്കുന്നതിനായി അഞ്ച് പദ്ധതികളിൽ സർവേ നടത്തിയ പൊതുമരാമത്ത് വകുപ്പ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ പാതയാണ് ഒരുപതിറ്റാണ്ടായി കടലാസിൽ ഒതുങ്ങിയത്. ആനക്കാംപൊയിലിലെ പോലെ തുരങ്കപാത ഇവിടെ ഒരുക്കാൻ കഴിയില്ല. പകരം റോഡോ എലിവേറ്റഡ് ഹൈവേയോ ഒരുക്കണമെന്നായിരുന്നു വിദഗ്ദ്ധസമിതിയുടെ നിർദ്ദേശം. വയനാട്ടിലേക്ക് മാത്രമല്ല മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും ദൂരം കുറയും. തെക്കൻ ജില്ലകൾക്ക് കൂടി ആശ്രയിക്കാനാവുന്ന റൂട്ടായി ഇതിനെ മാറ്റാനാവും.
നിലമ്പൂരിനെയും വയനാടിയെും ബന്ധിപ്പിക്കുന്ന വനപാത മലബാറിന്റെ ടൂറിസം മേഖലയുടെ ഉണർവിനും സഹായകമാവും. യാത്രാമാർഗങ്ങളുടെ അഭാവവും ചുരംതാണ്ടിയുള്ള യാത്രയുമാണ് പ്രകൃതി ഏറെ അനുഗ്രഹിച്ചിട്ടും നിലമ്പൂരിന് വിനയാകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ നിലമ്പൂർ മേഖലയിൽ ടൂറിസം രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. വയനാട്ടിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് എളുപ്പത്തിൽ നിലമ്പൂരിൽ കൂടി എത്താനായാൽ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായകമാവും. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം മുതൽ പ്രകൃതിയൊരുക്കിയ നിരവധി മനോഹര കാഴ്ചകൾ നിലമ്പൂരിലുണ്ട്.
മലയോര ഹൈവെ; ഇനിയെന്ത് ?
വനഭൂമിയിലൂടെ റോഡ് അനുവദിക്കാനാവില്ലെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിന്നാൽ ബദൽപാത മുന്നോട്ടുകൊണ്ടുപോവുക പ്രയാസകരമാവും. 2018ൽ മലയോര ഹൈവേക്ക് ഭരണാനുമതി ലഭിച്ചതോടെ വനഭൂമിയിൽ വീണ്ടും സർവേ നടത്തിയിരുന്നു. ഇതിന് പിന്നാലെ 12 കിലോമീറ്റർ വനഭൂമി റോഡ് നിർമ്മാണത്തിന് വിട്ടുനൽകാനാകില്ലെന്ന് അറിയിച്ച് നിലമ്പൂർ ഡി.എഫ്.ഒ പൊതുമരാമത്ത് വകുപ്പിന് കത്തെഴുതി. മുണ്ടേരി വഴിയുള്ള ബദൽപാത യാഥാർത്ഥ്യമായാൽ വയനാട് മേപ്പാടിയിൽ നിന്ന് നിലമ്പൂരിലെത്താൻ 52 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാവും. നിലവിൽ വഴിക്കടവ് നാടുകാണി ചുരം വഴി മേപ്പാടിയിലേക്ക് 81 കിലോമീറ്ററും താമരശ്ശേരി ചുരം വഴിയെങ്കിൽ 102 കിലോമീറ്ററും സഞ്ചരിക്കണം. വനംവകുപ്പ് വിലക്കേർപ്പെടുത്തിയെങ്കിലും 12 കിലോമീറ്റർ ദൈർഘ്യമുള്ള വനഭൂമിയുടെ ഇരുവശത്തുമായി മലയോര ഹൈവേ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലാ അതിർത്തിയായ കരുവാരക്കുണ്ട് പൊൻപാറ മുതൽ മുണ്ടേരി ഫാം വരെയുള്ള ഭാഗങ്ങളിൽ അഞ്ച് റീച്ചുകളായാണു നിർമ്മാണം പുരോഗമിക്കുന്നത്. വൻകിട എസ്റ്റേറ്റ് ഉടമകളും മറ്റും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ കാറ്റാടിക്കടവ് മുതൽ ചാത്തമുണ്ട വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടില്ല. അതേസമയം ചൂരൽമല – മേപ്പാടി ഭാഗത്ത് 12 മീറ്റർ വീതിയിൽ മലയോര ഹൈവെയുടെ നടപടികൾ അതിവേഗത്തിലാണ്. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമി വൈകാതെ ഏറ്റെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഭൂരിഭാഗം ഇടങ്ങളിലും പ്രദേശവാസികൾ പദ്ധതിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ വനംവകുപ്പ് പിടിവാശി തുടർന്നാൽ പദ്ധതിയുടെ വേഗം കുറയും.