lory
തീ പിടിച്ച ലോറി

വഴിക്കടവ് : അന്തർ സംസ്ഥാനപാതയായ സി.എൻ.ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ ആനമറി ചെക്‌പോസ്റ്റിനു സമീപം ഒന്നാംവളവിൽ ലോറി കത്തിനശിച്ചു. കർണാടകയിലെ ബെല്ലാരിയിൽ നിന്ന് സിമന്റുമായി നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ഭാരത് ബെൻസ് ലോറിക്കാണ് വെള്ളിയാഴ്ച പുലർച്ചെ 2:30ഓടെ തീപിടിച്ചത്. ചുരമിറങ്ങി വരുന്നതിനിടെ ലോറിയുടെ പിന്നിലെ ടയറിനു തീപിടിച്ചതോടെ ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി കെ. ജയകൃഷ്ണൻ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് ഓടിപ്പോയി എക്‌സൈസ് ചെക്‌പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. യൂസഫലി എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്​സെത്തി ഒരു മണിക്കൂറോളം നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. ലോറിയും സിമന്റ് ചാക്കുകളും കത്തിനശിച്ചു. കൊണ്ടോട്ടി സ്വദേശി പുത്തൻകാവിൽ വീട്ടിൽ ഉമ്മർഹാജിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിനശിച്ചത്. ഒരു വർഷത്തിനിടെ മൂന്നാമത്തെ ലോറിയാണ് ചുരം പാതയിൽ തീപിടിക്കുന്നത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം. വി. അനൂപ്, എ. എസ്.പ്രദീപ്​, കെ. രമേഷ്, എ. ശ്രീരാജ്, സി. വിനോദ്, എൽ. ഗോപാലകൃഷ്ണൻ, എൻ. മെഹബൂബ് റഹ്മാൻ, ഹോം ഗാർഡുമാരായ എൻ. രവീന്ദ്രൻ, ജിമ്മി മൈക്കൽ എന്നിവരും വഴിക്കടവ് പൊലീസ്, എക്‌സൈസ് എന്നിവരും ചേർന്നാണ് തീയണച്ചത്.