മഞ്ചേരി: സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലവും ഫണ്ടും ലഭിച്ചിട്ടും മഞ്ചേരി ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടാനാണ് അഗ്നിശമന സേനയുടെ യോഗം. സർക്കാരിന്റെ അനുമതി വൈകുന്നതും സാങ്കേതിക തടസ്സങ്ങളുമാണ് വിലങ്ങുതടി. മഞ്ചേരി കിഴിശേരി റോഡിൽ കരുവമ്പ്രം ജൂനിയർ ടെക്നിക്കൽ സ്‌കൂൾ വളപ്പിൽ നഗരസഭാ റോഡിനോട് ചേർന്ന് 2018ൽ തന്നെ ഫയർസ്റ്റേഷൻ നിർമ്മിക്കാൻ 50 സെന്റ് സ്ഥലം വിട്ടുകിട്ടിയിരുന്നു. അടുത്തിടെ സ്ഥലത്തിന്റെ കൈമാറ്റ രേഖകളുടെ പകർപ്പും അഗ്നിശമന സേനയ്ക്ക് ലഭിച്ചു. ഓഫീസ് കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇതിലെ തുടർനടപടികളാണ് നീളുന്നത്.
അസൗകര്യങ്ങൾ തന്നെ
മിനി ഫയർ സ്റ്റേഷനായ മഞ്ചേരിയിൽ 25 ജീവനക്കാരാണുള്ളത്. ഇതിൽ 16 പേർ സ്ഥിരം ജീവനക്കാരാണ്. രക്ഷാപ്രവർത്തന ഉപകരണങ്ങളും ജീവനക്കാരുടെ സാധന സാമഗ്രികളും മറ്റും ഇടുങ്ങിയ ഓഫീസിലാണ് സൂക്ഷിക്കുന്നത്. രണ്ട് ഫയർ ടെൻഡർ വാഹനങ്ങളിൽ ഒന്ന് മാത്രം നിർത്തിയാനുള്ള സ്ഥലമേ ഇവിടെയുള്ളൂ. ബസ് സ്റ്റാന്റിലെ ട്രാക്കിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് വാഹനം നിർത്തിയിടാനുള്ള ഷെഡ് ഉണ്ടാക്കിയിട്ടുള്ളത്. വെള്ളം നിറച്ചു സൂക്ഷിക്കാൻ സംഭരണിയും നിർമ്മിച്ചിട്ടില്ല. ഡിങ്കി ലഭിച്ചെങ്കിലും കൊണ്ടുപോകാൻ വാഹനമില്ല. ബസ് സ്റ്റാന്റിന് മുകളിലെ മുറിയാണ് ജീവനക്കാർക്ക് വിശ്രമത്തിനായി ഒരുക്കിയിട്ടുള്ളത്. സ്വന്തമായി ബാത്ത്റൂം സൗകര്യം പോലുമില്ല. 11 പഞ്ചായത്തുകളും ഒരു നഗരസഭയും മഞ്ചേരി ഫയർ സ്റ്റേഷൻ പരിധിയിലാണ്.