ksrtc

മലപ്പുറം: കൊവിഡ് ആശങ്ക നിലനിൽക്കെ ജില്ലയിൽ നടന്ന യു.പി.എസ്.എ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ജില്ലയിൽ ഉദ്യോഗാർഥികളുടെ ബാഹുല്യം കണക്കിലെടുത്ത് എട്ട് സർവീസുകളാണ് കെ.എസ്.ആർ.ടി.സി അധികമായി നടത്തിയത്. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്ഥിരം സർവീസുകൾക്ക് പുറമേയാണിത്. ഈ നാല് ഡിപ്പോകളിൽ നിന്നായി 83 സർവീസുകളാണ് നിലവിൽ നടത്തി വരുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌കുകളും ഡിപ്പോ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡുകളിൽ പ്രവർത്തിച്ചു. ഇവിടെ നിന്ന് ഓരോ മേഖലയിലേയ്ക്കുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ യാത്രക്കാർക്ക് യഥാസമയം നൽകാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഉദ്യോഗാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ സൗകര്യങ്ങൾ വെല്ലുവിളിയാകുമെന്ന തിരിച്ചറിവിൽ മുൻകൂട്ടിയുള്ള സംവിധാനങ്ങളാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി ഒരുക്കിയത്. മലപ്പുറം ഡിപ്പോ കേന്ദ്രീകരിച്ച് 23 സ്ഥിരം സർവീസുകൾക്ക് പുറമേ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബസുകൾ അധിക സർവീസുകൾ നടത്തി. നിലമ്പൂരിൽ നിലവിലുള്ള 26 സർവീസുകൾക്കു പുറമേ മലപ്പുറം വഴിക്കടവ് റൂട്ടിൽ മൂന്നും കോഴിക്കോട് വഴിക്കടവ് റൂട്ടിൽ ഒരു അധിക സർവീസുകളുമാണ് ഏർപ്പെടുത്തിയിരുന്നത്. പൊന്നായിയിൽ നിന്ന് മഞ്ചേരിയിരിലേക്ക് ഒരു അധിക സർവീസും ഏർപ്പെടുത്തി. നിലവിൽ പൊന്നാനി ഡിപ്പോ കേന്ദ്രീകരിച്ചുള്ള 15 സർവീസുകൾക്ക് പുറമേയായിരുന്നു ഇത്.

വിവിധ ജില്ലകളിൽ നിന്നെത്തുന്ന അധിക സർവീസുകൾ ക്രമീകരിക്കാനും ജില്ലയിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗാർഥികൾക്ക് പ്രാഥമിക കൃത്യങ്ങൾക്കുള്ള സംവിധാനങ്ങളും ബസ് സ്റ്റേഷനുകളിൽ ഒരുക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി.