നിലമ്പൂർ: പോത്തുകൽ ഞെട്ടിക്കുളത്ത് അമ്മയെയും മൂന്ന് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യൻ (13), അർജുൻ (11), അഭിനവ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടിൽ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ്
അമ്മയെയും കുഞ്ഞുങ്ങളെയും വീടിനകത്തെ ഇടനാഴിയിൽ കഴുക്കോലിൽ ഷാളും മുണ്ടും ഉപയോഗിച്ച്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രഹ്ന ഫോണെടുക്കാത്തതിനെ തുടർന്ന് ഭർത്താവ് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് ചെന്ന് നോക്കിയപ്പോൾ കതക് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നും അയൽവാസി പറഞ്ഞു. ഉടൻ നാട്ടുകാരെ വിളിച്ചുവരുത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൂട്ടിക്കിടന്ന വീടിന്റെ പിറകുവശത്തെ വാതിൽ ചവിട്ടിത്തുറന്ന് പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ അകത്ത് കയറുകയായിരുന്നു. ഇവരെ കണ്ടെത്തിയ സമയത്ത് രഹ്നയ്ക്ക് ജീവനുണ്ടായിരുന്നെന്നും കുട്ടികളിൽ രണ്ട് പേർക്ക് ദേഹത്ത് ചൂട് ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
ഉടനെ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ വിഷമോ മയക്കാനുള്ള മരുന്നോ കൊടുത്തശേഷം കെട്ടിത്തൂക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവർ തുടിമുട്ടിയിലെ വീട്ടിൽ നിന്നും ആറുമാസം മുമ്പാണ് ഞെട്ടിക്കുളത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. രഹ്നയുടെ ഭർത്താവ് ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്. ഒരാഴ്ച മുമ്പാണ് ഇയാൾ വീട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. പോത്തുകൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.